നമ്മോടുള്ള സ്‌നേഹത്തെപ്രതി കര്‍ത്താവ് നമ്മെ കഴുകാനായി മുട്ടുകുത്തുന്നു: ലിയോ പാപ്പ

 
Leo papa

റോം: നമ്മോടുള്ള സ്‌നേഹത്തെപ്രതി നമ്മെ  ഒരോരുത്തരെും  കഴുകാനായി  കര്‍ത്താവ് മുട്ടുകുത്തുന്നതായി ലിയോ 14-ാമന്‍ പാപ്പ. 

പെസഹാ വ്യാഴാഴ്ച ദിനം റോമിലെ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.  

റോം രൂപതയിലെ 12 വൈദികരുടെ പാദങ്ങള്‍ കഴുകിക്കൊണ്ടാണ് പാപ്പ ക്രിസ്തുവിന്റെ വിനയത്തിന്റെ മാതൃക ആവര്‍ത്തിച്ചത്.

ദൈവികവും മാനുഷികവുമായ എല്ലാ മുഖംമൂടികളും നീക്കം ചെയ്യുന്ന യഥാര്‍ത്ഥ ഗുരുവും നാഥനുമാണ് യേശുവെന്ന് പാപ്പ പറഞ്ഞു. നമ്മുടെ നന്മയ്ക്കോ വിശുദ്ധിക്കോ അതീതമായി കര്‍ത്താവിന്റെ സ്‌നേഹം നിലനില്‍ക്കുന്നു.

യേശു നമ്മെ ആദ്യം സ്‌നേഹിക്കുന്നു, ആ സ്‌നേഹത്തിലൂടെ നമ്മോട് ക്ഷമിക്കുകയും നമ്മെ വീണ്ടെടുക്കുകയും ചെയ്യുന്നു. 

യേശുവിന്റെ കരുണ നാം സ്വീകരിക്കുന്നതിനുള്ള പ്രതിഫലമല്ല ആ സ്‌നേഹമെന്നും മറിച്ച്, നമ്മെ ആദ്യം സ്‌നേഹിച്ചുകൊണ്ട് തന്റെ സ്‌നേഹത്തോട് പ്രതികരിക്കാന്‍ യേശു നമ്മെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നതെന്നും പാപ്പ വ്യക്തമാക്കി.

ലോകം ക്രൂരതകളാല്‍ മുറിവേല്‍പ്പിക്കപ്പെടുമ്പോള്‍, ക്രിസ്തുവിന്റെ സേവനമാതൃക പിന്തുടരാന്‍ പാപ്പ ആഹ്വാനം ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങളെയും ക്രൂരതകളെയും പരാമര്‍ശിച്ചുകൊണ്ട്, പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പം നിലകൊള്ളാന്‍ വിശ്വാസികളോട് പാപ്പ ആവശ്യപ്പെട്ടു.

’മനുഷ്യരാശി ക്രൂരതകളാല്‍ മുട്ടുകുത്തപ്പെടുമ്പോള്‍, മര്‍ദ്ദിതര്‍ക്കൊപ്പം സഹോദരങ്ങളായി നമുക്കും മുട്ടുകുത്താം,’പാപ്പ പറഞ്ഞു. 

വിശുദ്ധ കുര്‍ബാന സ്ഥാപിതമായതിന്റെ ഓര്‍മ ആചരിക്കുന്ന ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ സ്വന്തം ജീവിതം കൊണ്ട് ദൈവജനത്തെ സേവിക്കാന്‍ പാപ്പ വൈദികരോട് ആഹ്വാനം ചെയ്തു.

അന്ത്യ അത്താഴവേളയില്‍ നടത്തിയ കാല്‍കഴുകല്‍  ശുശ്രൂഷയിലുടെ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ വികലമായ  കാഴ്ചപ്പാടുകളും ഒപ്പം മനുഷ്യകുലത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഈശോ വിമലീകരിച്ചതായി  പാപ്പ പറഞ്ഞു.  

മറ്റുള്ളവരെ അടിച്ചമര്‍ത്തുമ്പോള്‍ ശക്തരാണെന്നും, സഹജീവികളെ നശിപ്പിക്കുമ്പോള്‍ വിജയികളാണെന്നും, മറ്റുള്ളവര്‍ ഭയപ്പെടുമ്പോള്‍ വലിയവരാണെന്നും നാം കരുതുന്നു. ഇതിന് വിപരീതമായി, യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമായ ക്രിസ്തു, ആത്മസമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും സ്‌നേഹത്തിന്റെയും മാതൃകയാണ് നമുക്ക് നല്‍കുന്നതെന്ന് പാപ്പ വ്യക്തമാക്കി. 

എങ്ങനെ സ്‌നേഹിക്കണമെന്ന് പഠിക്കാന്‍ നമുക്ക് യേശുവിന്റെ മാതൃക ആവശ്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web