കഷ്ടപ്പാടിന്റെ കയ്പു നിറഞ്ഞ പാതകളിൽ കർത്താവ് നമ്മെ അനുഗമിക്കുന്നു: പാപ്പാ
ഉത്സവാത്മകമായ സ്വാഗതത്തിനു നന്ദി പറഞ്ഞുകൊണ്ടും, അംഗോളയിലെ വിശ്വാസികൾക്കൊപ്പം വിശുദ്ധ ബലി അർപ്പിക്കുന്നതിലെ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടുമാണ്, പാപ്പാ തന്റെ വചന സന്ദേശം ആരംഭിച്ചത്. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ അനുഭവം വിവരിക്കുന്ന വചന ഭാഗമാണ്, ലത്തീൻ ആരാധന ക്രമത്തിൽ ഉയിർപ്പുകാലം മൂന്നാം ഞായറാഴ്ച്ച വായിക്കപ്പെട്ടത്. വായിച്ചുകേട്ട ജീവനുള്ള വചനത്താൽ നമ്മെത്തന്നെ പ്രബുദ്ധരാക്കുവാൻ അനുവദിക്കാമെന്ന മുഖവുരയും പാപ്പാ നൽകി.
മുറിവേറ്റതും ദുഃഖിതവുമായ ഹൃദയങ്ങളോടുകൂടി, യേശുവിന്റെ മരണം നേരിൽ കണ്ട രണ്ടു ശിഷ്യന്മാർ, ജറുസലേമിൽ നിന്നും, എമ്മാവൂസിലേക്ക് പോകുന്നതിനെ, നിരാശയുടെയും, പരാജയത്തിന്റെയും മടക്കയാത്രയെന്നാണ് പാപ്പാ വിശേഷിപ്പിച്ചത്. പ്രത്യാശയില്ലാതെ, ഉള്ളിൽ പേറുന്ന വേദനയിൽ നിന്നുമാണ് അവർ, സംഭവിച്ചതും അനുഭവിച്ചതുമായ കാര്യങ്ങൾ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നതെന്നും പാപ്പാ പറഞ്ഞു. എന്നാൽ ഇതൊരു അപകടമാണെന്നുള്ള മുന്നറിയിപ്പും പാപ്പാ നൽകി.
സുവിശേഷത്തിന്റെ ഈ പ്രാരംഭ രംഗം, പ്രത്യാശയ്ക്കും സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി വിശപ്പും ദാഹവും സഹിക്കുന്ന, ഈ മനോഹരവും എന്നാൽ മുറിവേറ്റതുമായ അംഗോള രാജ്യത്തിന്റെ ചരിത്രമാണെന്നു പാപ്പാ പറഞ്ഞു. ഗുരുവിന് സംഭവിച്ചതിനെക്കുറിച്ച് നിരുത്സാഹത്തോടെ ഓർക്കുന്ന ശിഷ്യന്മാരുടെ സംഭാഷണം, ശത്രുതകളുടെയും, ഭിന്നതകളുടെയും, അതിനാൽ പാഴായിപ്പോയ വിഭവങ്ങളുടെയും, ദാരിദ്ര്യത്തിന്റെയും, നീണ്ട ആഭ്യന്തരയുദ്ധത്തിന്റെയും മുറിവുകളാൽ ഈ രാജ്യത്തെ അടയാളപ്പെടുത്തിയ വേദനയെ ഓർമ്മിപ്പിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.
എന്നാൽ വേദനയാൽ അടയാളപ്പെടുത്തിയ ഒരു ചരിത്രത്തിൽ ഒരാൾ വളരെക്കാലം മുഴുകുമ്പോൾ, പ്രതീക്ഷ നഷ്ടപ്പെടുകയും നിരുത്സാഹത്താൽ തളർന്നുപോകുകയും ചെയ്യുന്ന എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ അപകടസാധ്യത നമുക്കും ഉണ്ടാകുന്നുവെന്നു പാപ്പാ ചൂണ്ടിക്കാട്ടി. പ്രതീക്ഷയില്ലാതെ യേശുവിന്റെ മരണത്തിൽ അവർ തളച്ചിടപ്പെട്ടുവെന്നും, ഇനിയൊരു തുടക്കം സാധ്യമാണോ എന്ന സംശയം പോലും അവരുടെ ഉള്ളിൽ ഉടലെടുക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
എന്നാൽ സുവിശേഷം നമുക്ക് നൽകുന്ന ഉറപ്പ്, കർത്താവ് ഉയിർത്തെഴുന്നേറ്റു എന്നതും, അവൻ ജീവിക്കുന്നു എന്നതുമാണെന്നും, കഷ്ടപ്പാടിന്റെ കയ്പു നിറഞ്ഞ പാതകളിലൂടെ നാം നടക്കുമ്പോൾ, അവൻ നമ്മുടെ കൂടെ നടക്കുന്നുവെന്നും, അവനെ തിരിച്ചറിയുവാനും, പുനരാരംഭിക്കുവാനുമുള്ള കൃപ നമുക്ക് നൽകുന്നുവെന്നും പാപ്പാ പറഞ്ഞു.
എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ കൂട്ടുകാരനായി അവരുടെ കൂടെ നിൽക്കുകയും, വേദനയ്ക്കപ്പുറം നോക്കാനും, യാത്രയിൽ അവർ തനിച്ചല്ലെന്നും, സ്നേഹത്തിന്റെ ദൈവം ഇപ്പോഴും ഭാവിയിലേക്ക് അവരെ കാത്തിരിക്കുന്നുവെന്നു അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു.
ഒരു വശത്ത്, കർത്താവ് നമ്മോടൊപ്പമുണ്ടെന്നും നമ്മോട് അനുകമ്പയുണ്ടെന്നുമുള്ള ഉറപ്പും, മറുവശത്ത്, അവൻ നമ്മോട് ആവശ്യപ്പെടുന്ന പ്രതിബദ്ധതയും ഇന്നും യാഥാർഥ്യമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഇത് കർത്താവുമായുള്ള നമ്മുടെ ബന്ധത്തിലും, പ്രാർത്ഥനയിലും, നമ്മുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്ന അവന്റെ വചനം കേൾക്കുന്നതിലും, എല്ലാറ്റിനുമുപരിയായി വിശുദ്ധ കുർബാനയുടെ ആഘോഷത്തിലുമാണ് നാം അനുഭവിക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
ആത്മീയ യാത്രയിൽ സഹായിക്കാത്ത മാന്ത്രികവും അന്ധവിശ്വാസപരവുമായ ഘടകങ്ങളെ ഒഴിവാക്കിക്കൊണ്ട്, സഭ പഠിപ്പിക്കുന്ന കാര്യങ്ങളിൽ വിശ്വസ്തത പുലർത്തുവാനും, അജപാലകരുടെ വാക്കുകൾക്ക് ചെവി കൊടുക്കുവാനും, വചനത്തിലും വിശുദ്ധ കുർബാനയിലും തന്നെത്തന്നെ വെളിപ്പെടുത്തുന്ന യേശുവിൽ ദൃഷ്ടി ഉറപ്പിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു.
വഴിയിൽ തനിച്ചല്ലെന്ന ഈ ഉറപ്പ്, നമ്മുടെ മുറിവുകൾ ശമിപ്പിക്കാനും പ്രത്യാശ പുനരുജ്ജീവിപ്പിക്കാനും കഴിയുന്നതാണെന്നും, എമ്മാവൂസിലെ ശിഷ്യന്മാർ യേശുവിനെ തിരിച്ചറിഞ്ഞതുപോലെ, നാമും, നമ്മുടെ തകർന്ന ജീവിതങ്ങളിലെല്ലാം, യേശുവിനെ തിരിച്ചറിയണമെന്നു പാപ്പാ പറഞ്ഞു.
മക്കളുടെ വിലാപം ശ്രവിക്കുന്ന ഒരു സഭയും, വചനത്തിന്റെ വെളിച്ചവും വിശുദ്ധ കുർബാനയുടെ പോഷണവും കൊണ്ട്, നഷ്ടപ്പെട്ട പ്രത്യാശയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്ന് അറിയാവുന്ന ഒരു സഭയും, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സഭയുടെ സാന്നിധ്യമാണ് അംഗോളയിൽ ആവശ്യമെന്നും പാപ്പാ പറഞ്ഞു.
ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ കൃപയാൽ യാഥാർത്ഥ്യത്തെ രൂപാന്തരപ്പെടുത്തുന്ന മുറിയപ്പെടുന്ന അപ്പമായി മാറുവാൻ ഏവർക്കും സാധിക്കട്ടെയെന്നും, അതിനായി സമർപ്പിതർക്കൊപ്പം അല്മായരെയും സഭയ്ക്ക് ആവശ്യമെന്നും പാപ്പാ എടുത്തുപറഞ്ഞു.
പഴയ ഭിന്നതകളെ എന്നെന്നേക്കുമായി മറികടക്കുന്ന, വിദ്വേഷവും അക്രമവും മാറ്റപ്പെടുന്ന, അഴിമതിയുടെ മുറിവ് നീതിയുടെയും പങ്കുവയ്ക്കലിന്റെയും ഒരു പുതിയ സംസ്കാരത്താൽ സുഖപ്പെടുത്തപ്പെടുന്ന, ഒരു രാജ്യം അപ്രകാരം കെട്ടിപ്പടുക്കാമെന്നും, അങ്ങനെ പ്രത്യാശ നിറഞ്ഞ ഒരു ഭാവി സാധ്യമാകട്ടെയെന്നും പാപ്പാ ആശംസിച്ചു.