സമൂസ വാങ്ങാന്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ്. പിഴവുണ്ടായിട്ടില്ല, വിശദീകരണവുമായി റെയില്‍വേ.ആരോ മനപൂര്‍വ്വം എഡിറ്റ് ചെയ്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചു

 
locopilot



സമൂസ വാങ്ങാന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയ വീഡിയോയില്‍ വിശദീകരണവുമായി വെസ്റ്റേണ്‍ റെയില്‍വേ. ലോക്കോ പൈലറ്റിന്റെ ഭാഗത്ത് പിഴവുണ്ടായിട്ടില്ല എന്ന് റെയില്‍വേ പിആര്‍ഒ അറിയിച്ചു. 

അംഗീകൃത ഹാള്‍ട്ടിനിടെയാണ് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയത്. സമൂസ വാങ്ങാന്‍ ട്രെയിന്‍ നിര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും റെയില്‍വേ അറിയിച്ചു.

 സമോസ വാങ്ങാന്‍ വേണ്ടി മാത്രം ആരും വണ്ടി നിര്‍ത്തിയിട്ടില്ലെന്നും റെയില്‍വേ വ്യക്തമാക്കുന്നു. സിഗ്‌നല്‍ കാത്തു കിടന്നപ്പോള്‍ ഭക്ഷണം വാങ്ങിയതിനെ ആരോ മനപൂര്‍വ്വം എഡിറ്റ് ചെയ്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചതാണെന്നാണും റെയില്‍വേ പറയുന്നു.


മധ്യപ്രദേശിലെ ഇന്‍ഡോറിന് സമീപമുള്ള രംഗ്വാസ റോഡില്‍ നിന്നാണ് ഈ കൗതുകക്കാഴ്ച എന്നു പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്.

റെയില്‍വേ ട്രാക്കിന് തൊട്ടടുത്തുള്ള കടയിലേക്ക് ലോക്കോ പൈലറ്റ് നടന്നുപോകുന്നതും, അവിടെനിന്ന് സമോസകള്‍ വാങ്ങി തിരികെ വന്ന് ട്രെയിനില്‍ കയറുന്നതുമാണ് വൈറല്‍ വീഡിയോയിലുള്ളത്. 

ലോക്കോ പൈലറ്റ് കയറിയതിന് പിന്നാലെ ട്രെയിന്‍ മുന്നോട്ട് എടുക്കുകയും ചെയ്യുന്നുണ്ട്.വീഡിയോ നിമിഷനേരം കൊണ്ട് എക്‌സിലും ഇന്‍സ്റ്റാഗ്രാമിലും വ്യാപകമായി പ്രചരിച്ചു. ഇതോടെ വ്യാപക വിമര്‍ശനമാണ് ലോക്കോ പൈലറ്റിനെതിരെ ഉയര്‍ന്നത്.

ഇന്‍ഡോര്‍-മഹൂ ഡെമു പാസഞ്ചര്‍ ട്രെയിന്‍ സ്ഥിരമായി ഇവിടെ സമോസ വാങ്ങാന്‍ നിര്‍ത്താറുണ്ടെന്ന് വരെ ചിലര്‍ ആരോപിച്ചതോടെ സംഭവം വന്‍ ചര്‍ച്ചയായി. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ റെയില്‍വേ അന്വേഷണത്തിനും ഉത്തരവിട്ടു.

റെയില്‍വേയുടെ അന്വേഷണത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പശ്ചിമ റെയില്‍വേ ഔദ്യോഗികമായി വ്യക്തമാക്കി. അത് പാസഞ്ചര്‍ ട്രെയിനല്ലെന്നും ചരക്ക് തീവണ്ടിയാണെന്നും റെയില്‍വേ അറിയിച്ചു. 

യാര്‍ഡിലെ ചില എന്‍ജിനീയറിങ് ജോലികള്‍ കാരണം റെഡ് സിഗ്‌നല്‍ വീണതിനെ തുടര്‍ന്നാണ് ട്രെയിന്‍ അവിടെ നിര്‍ത്തിയത്. ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പുറത്തിറങ്ങി ഭക്ഷണം വാങ്ങിയത്.

Tags

Share this story

From Around the Web