തദ്ദേശത്തിരഞ്ഞെടുപ്പ് പടിവാതിലിൽ. പുനർനിർണ്ണയം പൂർത്തിയായപ്പോൾ സംസ്ഥാനത്തെ വാർഡുകളുടെ എണ്ണത്തിൽ വർധന. പുതുതായി രൂപീകരിച്ചത് 1,712 വാർഡുകൾ

 
election

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വാർഡ് പുനർനിർണ്ണയം പൂർത്തിയാകുമ്പോൾ സംസ്ഥാനത്താകെയുള്ള വാർഡുകളുടെ എണ്ണത്തിൽ വർധന.

പുതുതായി 1,712 വാർഡുകളാണ് ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ രൂപീകരിച്ചിട്ടുള്ളത്.

ഇതോടെ സംസ്ഥാനത്തെ ആകെ വാർഡുകളുടെ എണ്ണം 21,900-ൽ നിന്ന് 23,612-ലേക്ക് ഉയർന്നിട്ടുണ്ട്. 87 നഗരസഭകളിലെ വാർഡുകളുടെ എണ്ണം 3,113-ൽ നിന്ന് 3,241-ലേക്കും, 6 കോർപ്പറേഷനുകളിൽ 414-ൽ നിന്ന് 421-ലേക്കും ഉയർന്നു. 

941 ഗ്രാമ പഞ്ചായത്ത് വാർഡുകളുടെ എണ്ണം 15,962-ൽ നിന്ന് 17,337-ലേക്കും, 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2,080-ൽ നിന്ന് 2,267-ലേക്കുമാണ് വർധിച്ചത്.

14 ജില്ലാ പഞ്ചായത്തുകളിൽ ഇപ്പോൾ 346 വാർഡുകളാണ് നിലവിലുള്ളത്. മുമ്പ് ഇത് 331 എണ്ണമായിരുന്നു.

2011 ലെ സെൻസസ് അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷമാണ് വാർഡുകളുടെ എണ്ണം പുതുക്കി നൽകിയത്.

പൊതുജനത്തിന്റെ പരാതികളും അഭിപ്രായങ്ങളും പരിഗണിച്ച ശേഷമായിരുന്നു ഈ നടപടി. ആദ്യമായാണ് കമ്മീഷൻ  ക്യൂ-ഫീൽഡ് ആപ്പ് ഉപയോഗിച്ച് വാർഡുകളുടെ അതിരുകൾ പുനർനിർണ്ണയിച്ചത്.

സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, മറ്റ് ഏജൻസികൾ എന്നിവർക്ക് പുതിയ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ മാപ്പുകൾ ഉപയോഗിക്കാനാവുമെന്നാണ് വിലയിരുത്തൽ.  

2024 ജൂണിലാണ് ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച ഉത്തരവ് പുറത്തിറങ്ങിയത്. തുടർന്ന് ഈ പ്രക്രിയ മൂന്ന് ഘട്ടങ്ങളായാണ് പൂർത്തീകരിച്ചത്. 

ആദ്യ ഘട്ടത്തിൽ ഗ്രാമ പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയിലും രണ്ടും മൂന്നും ഘട്ടങ്ങളിലായി ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലുമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

 ഡ്രാഫ്റ്റ് വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിൽ പൊതുഅഭിപ്രായങ്ങൾ കേട്ട ശേഷം ഗ്രാമ പഞ്ചായത്തുകളിലെ അന്തിമ വിജ്ഞാപനം മെയ് 19-നും, നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും മെയ് 27-നും, ബ്ലോക്ക് പഞ്ചായത്തുകളിലേത് ജൂലൈ 10-നും, ജില്ലാ പഞ്ചായത്തുകളിലേത് പിന്നീടും പ്രസിദ്ധീകരിക്കുകയായിരുന്നു.

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി നഗരസഭയും തൃക്കടേരി പഞ്ചായത്തും നിലവിലെ പുനർനിർണ്ണയ നടപടിയിൽ ഉൾപ്പെട്ടിട്ടില്ല.

 ഇവിടങ്ങളിൽ 2015-ലാണ് വാർഡ് പുനർനിർണ്ണയം അവസാനമായി നടന്നിട്ടുള്ളത്.

Tags

Share this story

From Around the Web