21 കോപ്റ്റിക് രക്തസാക്ഷികളുടെ ജീവിതം ചലച്ചിത്രമാകുന്നു
ഈജിപ്ത്യന്‍ കോപ്റ്റിക് ക്രൈസ്തവ രക്തസാക്ഷികളുടെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ റൗഫ് സാക്കി ഒരുക്കുന്ന ഫീച്ചര്‍ ഫിലിം 'Son of the 11th Hour' റിലീസിന് മുമ്പേ അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്. സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ റൗഫ് സാക്കി, ലിബിയയില്‍ ഐഎസ് തീവ്രവാദികള്‍ വധിച്ച 21 കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ക്രൈസ്തവരുടെ ജീവിതവും വിശ്വാസസാക്ഷ്യവും ഈ ചിത്രത്തിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നു.
2015-ല്‍ ലിബിയയില്‍ നടന്ന ക്രൂരമായ സംഭവത്തില്‍, ഈജിപ്തില്‍ നിന്നുള്ള 20 കോപ്റ്റിക് ക്രൈസ്തവരും ഘാന സ്വദേശിയായ ഒരാളുമടങ്ങുന്ന 21 പേരെ ഐഎസ് തീവ്രവാദികള്‍ തടവിലാക്കി ക്രൂരമായി വധിച്ചിരുന്നു. ഈ സംഭവത്തെ അടിസ്ഥാനമാക്കി, വിശ്വാസത്തിനുവേണ്ടി ജീവന്‍ അര്‍പ്പിച്ച അവരുടെ ധീരതയും വിശ്വാസവും അവതരിപ്പിക്കുന്ന രീതിയിലാണ് ഈ സിനിമ രൂപകല്‍പ്പന ചെയ്യുന്നത്. രക്തസാക്ഷികളുടെ ആത്മീയ ശക്തിയും വിശ്വാസത്തിലെ സ്ഥിരതയും ചിത്രത്തിന്റെ കേന്ദ്ര പ്രമേയമാണെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.
രക്തസാക്ഷികള്‍ അനുഭവിച്ച ക്രൂരതയും അവരുടെ മാനുഷികവും ആത്മീയവുമായ അനുഭവങ്ങളും കൂടുതല്‍ ആഴത്തില്‍ അവതരിപ്പിക്കാന്‍ ഈ രീതിയാണ് ഏറ്റവും അനുയോജ്യമെന്ന് റൗഫ് സാക്കി പറയുന്നു. മനുഷ്യന്റെ വിശ്വാസവും ആത്മധൈര്യവും എത്രമാത്രം ശക്തമാണെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കുകയാണ് ചിത്രത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിത്രത്തിന്റെ നിര്‍മ്മാണപ്രക്രിയ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും, പല അത്ഭുതകരമായ അനുഭവങ്ങളും ചിത്രീകരണത്തിനിടയില്‍ ഉണ്ടായതായി സംവിധായകന്‍ വെളിപ്പെടുത്തുന്നു. രക്തസാക്ഷികളുടെ ആത്മീയ സ്വാധീനം നമുക്കിടയില്‍ നിലനില്‍ക്കുന്നെന്നും, അവരുടെ കഥ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളെ പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സിനിമ, ചരിത്രത്തിലെ ഒരു ക്രൂര സംഭവത്തിന്റെ പുനരാവിഷ്‌കാരം മാത്രമല്ല, വിശ്വാസത്തിന്റെ അര്‍ത്ഥത്തെ പുനര്‍വിചിന്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ആത്മീയ കലാസൃഷ്ടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി സാമ്പത്തിക പിന്തുണയും പൊതുജനങ്ങളുടെ സഹകരണവും ആവശ്യമാണ്. ഇതിനായി ക്രൗഡ് ഫണ്ടിംഗ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്. തുടക്കത്തില്‍ 2025 ല്‍ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പല കാരണങ്ങളാലും റിലീസിംഗ് നീളുകയാണ്. എങ്കിലും, ഈ വര്‍ഷം ചലച്ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് കരുതപ്പെടുന്നു.