വധശിക്ഷ മനുഷ്യന്റെ അന്തസ്സിന് നിരക്കാത്തതാണെന്നും അത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നുമുള്ള കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനം ആവർത്തിച്ച് വ്യക്തമാക്കി ലെയോ മാർപാപ്പ
വധശിക്ഷ മനുഷ്യന്റെ അന്തസ്സിന് നിരക്കാത്തതാണെന്നും അത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നുമുള്ള കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനം ആവർത്തിച്ച് വ്യക്തമാക്കി ലെയോ പതിനാലാമൻ മാർപാപ്പ.
അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്ത് വധശിക്ഷ നിർത്തലാക്കിയതിന്റെ 15-ാം വാർഷികത്തോടനുബന്ധിച്ച് ഷിക്കാഗോയിലെ ഡിപോൾ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിലേക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് മാർപാപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്.
സഭയുടെ പ്രബോധനങ്ങൾ പ്രകാരം എല്ലാ മനുഷ്യജീവനുകളും ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ പവിത്രമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. “മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനം തന്നെ ജീവിക്കാനുള്ള അവകാശമാണ്. ഒരു സമൂഹം ജീവന്റെ പവിത്രത സംരക്ഷിക്കുമ്പോൾ മാത്രമാണ് അത് പുരോഗതി കൈവരിക്കുന്നത്” – മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു. വധശിക്ഷ പ്രതികാരബുദ്ധിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അത് നീതി നടപ്പാക്കുന്നതിനുള്ള ശരിയായ വഴിയല്ലെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
അതേസമയം, സഭയുടെ ഈ സുസ്ഥിര നിലപാട് ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് പുതിയ കരുത്ത് പകരുന്നതാണ്.