സീറ്റ് കുറയുമെങ്കിലും ഭരണം പിടിക്കുമെന്ന പ്രതീക്ഷയില്‍ ഇടതു കേന്ദ്രങ്ങള്‍.ചുരുങ്ങിയത് 75 സീറ്റുകളെങ്കിലും എല്‍.ഡി.എഫിനു ലഭിക്കും. പല ജില്ലകളിലും സീറ്റ് നഷ്ടം ഉണ്ടാകും.
കോട്ടയം: സീറ്റ് കുറയുമെങ്കിലും ഭരണം പിടിക്കുമെന്ന് ഇടതു കേന്ദ്രങ്ങളുടെ ന്യായവാദം. ചുരുങ്ങിയത് 75 സീറ്റുകളെങ്കിലും നേടി ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഇടതു കേന്ദ്രങ്ങള്‍ പറയുന്നത്. സോഷ്യല്‍ മീഡിയില്‍ ഇടതു വിജയത്തെക്കുറിച്ചു പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ സീറ്റ് നഷ്ടമുണ്ടാകുമെന്ന് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്.
കോട്ടയത്ത് ഉള്‍പ്പടെ ഏതാനും സീറ്റുകള്‍ പുതുതായി നേടുമെന്നാണു മണ്ഡലം കമ്മിറ്റികളില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ട്. കാസര്‍കോട്, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിലവിലെ സീറ്റുകളില്‍ നഷ്ടമോ നേട്ടമോ പ്രതീക്ഷിക്കുന്നില്ല. നില മെച്ചപ്പെടുത്തുമെന്നു കരുതുന്നതു വയനാട്ടിലാണ്. അവിടെ നിലവിലുള്ള സീറ്റ് നിലനിര്‍ത്താനും പുതുതായി ഒന്നു പിടിച്ചെടുക്കാനും കഴിയുമെന്നാണു പോളിങ്ങിനുശേഷം ലഭ്യമായ കണക്കനുസരിച്ചു പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ ഒരു സീറ്റ് നഷ്ടപ്പെടാമെന്നും പകരം മറ്റൊന്നു ലഭിക്കുന്നതിലൂടെ തല്‍സ്ഥിതി തുടരുമെന്നുമാണു കണക്ക്.
ഭരണത്തുടര്‍ച്ചയിലേക്കു വഴി തുറന്നേക്കാവുന്ന മണ്ഡലങ്ങള്‍ ഏതൊക്കെയെന്നു പട്ടിക നിരത്തിയാണു യു.ഡി.എഫ് തരംഗമെന്ന നിഗമനങ്ങളെ ഇടതുകേന്ദ്രങ്ങള്‍ പ്രതിരോധിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി തങ്ങള്‍ ജയിച്ചുകൊണ്ടിരിക്കുന്ന 50 മണ്ഡലങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍.ഡി.എഫ് തുടര്‍ഭരണം സ്വപ്നം കാണുന്നത്. ഭരണം നിലനിര്‍ത്താന്‍ വേണ്ടത് 72 ആണെന്നിരിക്കേ, ബാക്കി 90 മണ്ഡലങ്ങളില്‍ നിന്നു കുറഞ്ഞത് 22 സീറ്റു കൂടി ജയിച്ചാല്‍ തുടര്‍ഭരണം ഉറപ്പാണെന്നാണ് എല്‍.ഡി.എഫ് ഹാന്‍ഡിലുകളുടെ ന്യായവാദം.
അതേസമയം, കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട വിജയമുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും എല്‍.ഡി.എഫിനു സീറ്റെണ്ണത്തില്‍ കാര്യമായ നഷ്ടമുണ്ടാകുമെന്നു കണക്കുകള്‍ എല്‍.ഡി.എഫിനെ അലോസരപ്പെടുത്തുന്നുണ്ട്. ജില്ലകളില്‍നിന്നു ലഭിച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്താന്‍ അടുത്ത ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചേരും.