ലേണേഴ്‌സ് ടെസ്റ്റ് ഇനി സ്മാര്‍ട്ട് ഫോണില്‍; അപേക്ഷകര്‍ക്ക് ആശ്വാസമായി പുതിയ മാറ്റങ്ങള്‍
മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളിലെ കംപ്യൂട്ടര്‍ ക്ഷാമം മൂലം ലേണേഴ്‌സ് ടെസ്റ്റ് വൈകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അപേക്ഷകരുടെ സ്മാര്‍ട്ട് ഫോണുകളില്‍ തന്നെ പരീക്ഷ നടത്താന്‍ അനുമതി നല്‍കി.
ഓഫീസുകളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ കര്‍ശന മേല്‍നോട്ടത്തിലായിരിക്കും ഈ പരീക്ഷ നടക്കുക. ഇതിനായി 'എം.വി.ഡി. ലീഡ്‌സ്' മൊബൈല്‍ ആപ്പാണ് ഉപയോഗിക്കേണ്ടത്. അപേക്ഷകരുടെ മുഖം തിരിച്ചറിയാനുള്ള അത്യാധുനിക സംവിധാനവും ഈ ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്.
മൂന്നുമാസത്തോളം നീളുന്ന കാത്തിരിപ്പ് ഒഴിവാക്കുന്നതിന്റെ ഭാഗമായി, അടുത്ത മൂന്നുമാസത്തേക്ക് എല്ലാ ഓഫീസുകളിലും ആഴ്ചയില്‍ അഞ്ചുദിവസവും ലേണേഴ്‌സ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഇതുവഴി അപേക്ഷകര്‍ക്ക് വെറും മൂന്നുദിവസത്തിനുള്ളില്‍ തന്നെ ടെസ്റ്റിനുള്ള അവസരം ലഭിക്കും.
ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കുന്നവര്‍ക്ക് 30 ദിവസത്തിനുള്ളിലും, പരാജയപ്പെട്ടവര്‍ക്ക് എട്ടു ദിവസത്തിനുള്ളിലും വീണ്ടും അവസരം ലഭ്യമാക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഡ്രൈവിങ് ടെസ്റ്റിലെ കാത്തിരിപ്പ് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഒരു ദിവസം പരിശോധിക്കാവുന്ന അപേക്ഷകളുടെ എണ്ണം 40-ല്‍ നിന്ന് 50 ആയി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ പ്രതിദിന ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകരുടെ എണ്ണവും പുനഃക്രമീകരിച്ചിട്ടുണ്ട്.
ഇതിന്‍പ്രകാരം ഒരു ദിവസം 28 പുതിയ അപേക്ഷകര്‍ക്കും, 20 പരാജയപ്പെട്ടവര്‍ക്കും, വിദേശപഠനത്തിന് പോകുന്ന 2 വിദ്യാര്‍ഥികള്‍ക്കും ടെസ്റ്റില്‍ പങ്കെടുക്കാം. ടെസ്റ്റ് മേല്‍നോട്ടത്തിന് ആവശ്യത്തിന് ഇന്‍സ്പെക്ടര്‍മാരില്ലാത്ത ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റില്‍ നിന്ന് ഉദ്യോഗസ്ഥരെ നിയോഗിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.