നാല് വോട്ടുകള്‍ക്ക് വേണ്ടി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ല; സജി ചെറിയാന് മറുപടിയുമായി മുസ്ലിം ലീഗ്

 
MUSLIM LEAGU


തദ്ദേശ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡും മലപ്പുറത്തും ജയിച്ചവരെ നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം അറിയാമെന്ന സജി ചെറിയാന്റെ വിവാദപരാമര്‍ശത്തില്‍ പ്രതികരിച്ച് മുസ്ലീം ലീഗ്. 


മത സൗഹാര്‍ദത്തിന്റെയും മതേതരത്വത്തിന്റെയും പാഠമാണ് ലീഗ് എപ്പോഴും പറഞ്ഞിട്ടുള്ളതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇലക്ഷനെ നേരിടാനുള്ള ആത്മവിശ്വാസക്കുറവാണ് പ്രകടമാക്കുന്നെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.


നാല് വോട്ടുകള്‍ക്ക് വേണ്ടി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ല. മറിച്ച് സൗഹാര്‍ദം നിലനിര്‍ത്തിക്കൊണ്ട് തന്നെ ജനങ്ങളോട് വോട്ട് ചോദിക്കാനുള്ള ധൈര്യം മുസ്ലീം ലീഗിനുണ്ട്. അതില്ലാത്തവാണ് അതുമിതുമൊക്കെ പറഞ്ഞുകൊണ്ട് രംഗം വഷളാക്കാന്‍ ശ്രമിക്കുന്നത്  സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

ഗവണ്‍മെന്റിലിരിക്കുന്നവരുടേയും അവരെ പിന്തുണയ്ക്കുന്നവരുടേയും ഒരു ആത്മവിശ്വാസം വളരെ കുറവാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്ര വലിയ വര്‍ഗീയത ഇതിന് മുന്‍പ് അവര്‍ പറഞ്ഞിട്ടില്ല. ഇപ്പോള്‍ ആ ആത്മവിശ്വാസം ഇല്ലാതായി ഒരു സ്റ്റേജിലെത്തി. അതുകൊണ്ടാണ് ഈ മലപ്പുറം പ്രസ്താവനയൊക്കെ. എല്ലാവരും വാ നിറച്ച് ഒരു പ്രത്യേക ജനവിഭാഗത്തെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് നടത്തുന്ന ഈ പ്രചാരണം വരാനിരിക്കുന്ന ഇലക്ഷനെ നേരിടാനുള്ള ആത്മവിശ്വാസക്കുറവാണ് പ്രകടമാക്കുന്നത്  അദ്ദേഹം പറഞ്ഞു.


വര്‍ഗീയ പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേരളാ ചരിത്രത്തില്‍ ഒരു മന്ത്രിയും നടത്താത്ത പരാമര്‍ശമാണ് സജി ചെറിയാന്‍ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. 


എത്ര ആപത്കരവും അപകടകരവുമായ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതിനുള്ള പ്രസ്താവനയാണ് ഭരണഘടനാ പ്രകാരം സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് ഇതിന്റെ ഉദ്ദേശ്യം.


 ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്ന സംഘപരിവാറിന്റെ അതേ വഴിയിലൂടെ സിപിഐഎമ്മും യാത്ര ചെയ്യുകയാണ്. അതിന് മുഖ്യമന്ത്രി കുടപിടിച്ചു കൊണ്ടിരിക്കുകയാണ്  വിഡി സതീശന്‍ പറഞ്ഞു.

പരാമര്‍ശത്തില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. പരാമര്‍ശങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഒഴിഞ്ഞുമാറി.
 

Tags

Share this story

From Around the Web