മറ്റു ഘടക കക്ഷികൾ സംയമനം പാലിക്കുമ്പോൾ ലീഗ് എരുതീയിൽ എണ്ണ ഒഴിക്കാൻ ശ്രമിക്കുന്നു,
മുഖ്യമന്ത്രി ചർച്ചകൾക്കിടെ അനാവശ്യ സമ്മർദം സൃഷ്‌ടിച്ച് മുസ്ലിം ലീഗ്
കോട്ടയം: കേരളത്തിലും രാജ്യത്തും ആദ്യമായാണോ മുഖ്യമന്ത്രി ചർച്ച നടക്കുന്നത്, മുഖ്യമന്ത്രി ചർച്ചകൾക്കിടെ അനാവശ്യ സമ്മർദം സൃഷ്‌ടിച്ച് യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ്. ആവർത്തിച്ചുള്ള ലീഗ് നേതാക്കളുടെ പരസ്യ പ്രതികരണത്തിൽ കോൺഗ്രസിൽ അമർഷം ശക്തമാകുന്നു. മറ്റു ഘടക കക്ഷികൾ സംയമനം പാലിക്കുമ്പോൾ ലീഗ് എരുതീയിൽ എണ്ണ ഒഴിക്കാൻ ശ്രമിക്കുന്നു. ലീഗ് പറയുന്ന ആൾ മാത്രമേ മുഖ്യമന്ത്രി ആയി വരാവൂ എന്നു എന്ന മട്ടിലുള്ള പ്രതികരണമാണ് നേതാക്കൾ നടത്തുന്നതെന്ന അഭിപ്രായമാണ് കോൺഗ്രസ് നേതാക്കൾക്ക് ഉള്ളത്.
വീട്ടിൽ വരുന്നവരൊക്കെ തീരുമാനമായോ എന്ന് ചോദിക്കുകയാണ്, പള്ളിയിൽ പോകുമ്പോഴും ആളകൾ ചോദിക്കുന്നു. പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നാണ് നിയുക്ത എംഎൽഎ ടി.വി ഇബ്രാഹിം ഇന്ന് ഒരു മാധ്യമത്തോട് പറഞ്ഞത്, ഇന്നലെ മറ്റൊരു ലീഗ് നേതാവും മുൻ എംഎൽഎയുമായ പി അബ്ദുൾ ഹമീദും സമാന കാര്യം മാധ്യമക്കൾക്കു മുന്നിൽ പറഞ്ഞിരുന്നു. തങ്ങളുടെ പിന്തുണ ആർക്കാണെന്നു ഇവർ പരസ്യമായി മാധ്യമങ്ങൾക്കു മുന്നിൽ പറയുന്നില്ലെങ്കിലും വ്യക്തമായ സൂചനകൾ നൽകുകയും ചെയ്യുന്നു.
എന്നാൽ, ലീഗ് ഒഴിയെയുള്ള മറ്റു ഘടക കക്ഷികൾ അതിരു വിട്ട അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. അനവസരത്തിലുള്ള പ്രതികരണങ്ങൾ നടത്തി ജന വികാരം ആളി കത്തിക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും കോൺഗ്രസിൽ ഒരു വിഭാഗത്തിന് അഭിപ്രായം ഉണ്ട്. ലീഗിൻ്റെ പിടിവാശിയാണ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനു പിന്നിൽ എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തേക്കു വരുന്നുണ്ട്.
ഇതോടൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കുന്ന മറ്റു നേതാക്കളെയും സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ലീഗ് - ജമാ അത്തെ ഇസ്ലാമി അനുകൂല സൈബർ ഗ്രൂപ്പകളാണ് എന്നതും ശ്രദ്ധേയമാണ്. അതേസമയം, ലീഗ് നടത്തുന്ന നീക്കങ്ങൾ മുൻനിർത്തി ബിജെപിയും മുതലെടുപ്പിനു ശ്രമം തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് പാണക്കാടു നിന്നാണ് എന്ന വിമർശനമാണ് ബിജെപി ഉയർത്തുന്നുണ്ട്. ഇത് വഴി ഭൂരിപക്ഷ സമുദായങ്ങളിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു.