ചൈനയിലെ പീഡനകാല ട്രാപ്പിസ്റ്റ് തലമുറയുടെ അവസാന കണ്ണി ഫാ. ബെനഡിക്റ്റ് വിടവാങ്ങി

 
SANYSI



ഹോങ്കോങ്ങ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ട്രാപ്പിസ്റ്റ് സന്യാസിയും, ചൈനയില്‍ കമ്മ്യൂണിസ്റ്റ് പീഡനത്തിന് ഇരയായ സന്യാസി സമൂഹത്തിലെ അവശേഷിക്കുന്ന അവസാന അംഗവുമായിരുന്ന ഫാ. ബെനഡിക്റ്റ് ചാവോ അന്തരിച്ചു. 

108-ാം വയസ്സില്‍ ഹോങ്കോങ്ങിലെ ലന്റാവോയില്‍വെച്ചായിരിന്നു അന്ത്യം. 'ഓര്‍ഡര്‍ ഓഫ് സിസ്റ്റര്‍ഷ്യന്‍സ് ഓഫ് ദി സ്ട്രിക്റ്റ് ഒബ്സര്‍വന്‍സ്' (ഛഇടഛ) സമൂഹമാണ് അദ്ദേഹത്തിന്റെ നിര്യാണ വിവരം പുറംലോകത്തെ അറിയിച്ചത്.


 79 വര്‍ഷം സന്യാസിയായും 77 വര്‍ഷം വൈദികനായും സേവനമനുഷ്ഠിച്ച ഫാ. ബെനഡിക്റ്റിന് അനേകരെ ക്രിസ്തു വിശ്വാസത്തിലേക്ക് ആനയിക്കുവാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 14-ന് നടക്കും.

1918-ല്‍ ചൈനയിലെ ചെങ് ടിംഗിലാണ് ഫാ. ചാവോ ജനിച്ചത്. 1941-ല്‍ 23-ാം വയസ്സില്‍ ലന്റാവോയിലെ ആശ്രമത്തില്‍ പ്രവേശിച്ചു. 

യുദ്ധകാലത്ത് കടുത്ത ദുരിതങ്ങള്‍ അനുഭവിച്ചിരുന്ന സമൂഹമായിരിന്നു അത്. 1937-ല്‍ ജാപ്പനീസ് സൈനികര്‍ ആശ്രമം പിടിച്ചെടുക്കുകയും, നിരവധി സന്യാസിമാരെ തടവിലാക്കുകയും വധിക്കുകയും ചെയ്തിരുന്നു. 


നിരവധി പീഡനങ്ങള്‍ക്കും യാതനകള്‍ക്കും അദ്ദേഹവും സഹചാരികളും ഇരയായി.

 1947-ല്‍ ഫാ. ചാവോ സന്യാസവ്രതങ്ങള്‍ പൂര്‍ണ്ണമായി ഏറ്റെടുക്കുകയും 1949-ല്‍ വൈദികനായി അഭിഷിക്തനാവുകയും ചെയ്തു.


ഇതിനിടെ ചൈനീസ് ഏകാധിപതിയായ മാവോ സേതൂങ് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് ഏറ്റവും മോശമായ അവസ്ഥ സംജാതമായത്. ഫാ. ചാവോ തന്റെ നിത്യവ്രത വാഗ്ദാനം നടത്തിയ 1947-ല്‍, യാങ്ജിയാപിങ് ആക്രമിക്കപ്പെട്ടു. 

സന്യാസിമാര്‍ പീഡിപ്പിക്കപ്പെടുകയും ആശ്രമം വിട്ടുപോകാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഒരു വര്‍ഷത്തിനുശേഷം, 'ജനകീയ വിചാരണ' എന്ന പേരില്‍ നടത്തിയ വിധി ന്യായത്തിന് ശേഷം ആറ് സന്യാസിമാരെ വെടിവെച്ചുകൊന്നു. 

ആ സന്യാസിമാരില്‍, ആ സമൂഹത്തിന്റെ ഉപ തലവനായിരുന്ന ഫാ. ക്രിസോസ്റ്റം ചാങ്ങും ഉള്‍പ്പെട്ടിരുന്നു.

യുവ സന്യാസിയായ ബെനഡിക്റ്റ് ചാവോ താമസിച്ചിരുന്ന ലിയേസെ എന്ന സമൂഹത്തിന് നേരെയും ആക്രമണമുണ്ടായി. മറ്റൊരു നഗരത്തില്‍ അഭയം തേടുകയല്ലാതെ അവര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗമില്ലായിരിന്നു. 

പീഡനം രൂക്ഷമായതോടെ ചില സന്യാസിമാരെ ചൈനയില്‍ നിന്ന് പുറത്തേക്ക് അയച്ചു. അവരില്‍ ഫാ. ചാവോയും ഉള്‍പ്പെട്ടിരിന്നു. 

അങ്ങനെ കാനഡയിലെ മാനിറ്റോബയിലുള്ള നോത്ര്-ഡാം-ഡെ-പ്രെയറീസ് ആശ്രമത്തിലെത്തി ചേരുകയായിരിന്നു. പിന്നീട് ഹോങ്കോങ്ങില്‍ തങ്ങളുടെ സമൂഹം പുനഃസ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.


'പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍സ്' (ജകങഋ) അംഗവും അന്നത്തെ ഹോങ്കോങ് ബിഷപ്പുമായ മോണ്‍സിഞ്ഞോര്‍ എന്റിക്കോ വാല്‍റ്റോര്‍ട്ടയുടെ പിന്തുണയോടെ, ലന്റാവോ ദ്വീപിലെ ഉയര്‍ന്ന പ്രദേശത്ത് അവര്‍ക്ക് ഒരു ഭൂപ്രദേശം ലഭിച്ചു. 

അവിടെ എട്ട് സന്യാസിമാര്‍ ചേര്‍ന്ന് പുതിയ ആശ്രമം നിര്‍മ്മിക്കുകയും 1956-ല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. 1999-ല്‍, സിസ്റ്റര്‍ഷ്യന്‍ സമൂഹത്തിന് സ്വതന്ത്ര ആശ്രമ പദവി ലഭിച്ചു.

 ഫാ. ചാവോയുടെ മരണത്തോടെ, മാവോയുടെ ഭരണകാലത്ത് പീഡനത്തിനിരയാവുകയും ഹോങ്കോങ്ങില്‍ വീണ്ടും ആരംഭിക്കുകയും ചെയ്ത ട്രാപ്പിസ്റ്റ് സന്യാസിമാരുടെ ആ തലമുറയിലെ അവസാന കണ്ണിയെയാണ് ആശ്രമത്തിന് നഷ്ടമായിരിക്കുന്നത്.

Tags

Share this story

From Around the Web