വെസ്റ്റ് ബാങ്കിലെ അവസാന ക്രിസ്ത്യന്‍ ഗ്രാമത്തിന് പുതുജീവന്‍; 1,500 വര്‍ഷം പഴക്കമുള്ള ദേവാലയത്തില്‍ പുനരുദ്ധാരണം
തയ്‌ബെ (വെസ്റ്റ് ബാങ്ക്): വെസ്റ്റ് ബാങ്കില്‍ അവശേഷിക്കുന്ന അവസാനത്തെ ക്രിസ്ത്യന്‍ ഗ്രാമമായ തയ്‌ബെയിലെ 1,500 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട സെന്റ് ജോര്‍ജ്ജ് ദേവാലയത്തിനു നേരെയാണ് ഇസ്രായേലി കുടിയേറ്റക്കാര്‍ ആക്രമണം നടത്തിയത്. മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയത്തിനും അതിനടുത്തുള്ള ക്രിസ്ത്യന്‍ സെമിത്തേരിക്കും കേടുപാടുകളും സംഭവിച്ചിരിന്നു.
നിലവില്‍ നടക്കുന്ന പുനരുദ്ധാരണ പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇറ്റലിയാണ് സാമ്പത്തിക സഹായം നല്‍കിയിരിക്കുന്നത്. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ജെറുസലേമിലെ യു.എസ്. എംബസിയുടെ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്. സമീപകാലത്തുണ്ടായ ആക്രമണങ്ങള്‍ ഗ്രാമത്തെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും, പുനരുദ്ധാരണത്തിലൂടെ തയ്‌ബെയുടെ പുണ്യസ്ഥലങ്ങളെയും പൈതൃകത്തെയും മുന്‍നിര്‍ത്തി ആഗോള ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തയ്‌ബെ ഇടവക വികാരിയായ ഫാ. ബഷാര്‍ ഫവാദ്ലെ പറഞ്ഞു.
കുരിശുമരണത്തിന് മുന്‍പ് യേശുക്രിസ്തു ഈ പ്രദേശത്ത് താമസിച്ചിരുന്നുവെന്ന ചരിത്രപരമായ പ്രാധാന്യവും സ്ഥലത്തിനുണ്ട്. പള്ളിയുടെ പുരാതനമായ കല്‍ഭിത്തികളും മൊസൈക്കുകളും ശ്രദ്ധാപൂര്‍വ്വം സംരക്ഷിക്കുന്നതിനൊപ്പം പ്രാദേശിക യുവാക്കള്‍ക്ക് പൈതൃക സംരക്ഷണത്തില്‍ പരിശീലനം നല്‍കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പുനരുദ്ധാരണത്തിന് മുന്‍പും ശേഷവും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് പുരാവസ്തു സംരക്ഷണ വിദഗ്ധനായ റാഇദ് ഖലീല്‍ വ്യക്തമാക്കി.
പള്ളിയുടെ തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. പൂര്‍ണ്ണമായും ക്രൈസ്തവര്‍ മാത്രം വസിക്കുന്ന ഒരേയൊരു പലസ്തീന്‍ ഗ്രാമമായാണ് തയ്‌ബെയെ വിശേഷിപ്പിക്കാറുള്ളത്. കത്തോലിക്ക, ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, മെല്‍ക്കൈറ്റ് ക്രൈസ്തവരാണ് മേഖലയില്‍ അധിവസിക്കുന്നത്.