മണിപ്പൂരിലെ കുക്കി വിഭാഗത്തിൽപ്പെട്ട 'ബ്നെയ് മെനാഷെ' സമൂഹത്തിന്റെ ഇസ്രായേലിലേക്കുള്ള കുടിയേറ്റം ലക്ഷ്യമിട്ടുള്ള 'ഓപ്പറേഷൻ വിങ്സ് ഓഫ് ഡോൺ' ആരംഭിച്ചു

 
Wings of done
മണിപ്പൂരിലെ കുക്കി വിഭാഗത്തിൽപ്പെട്ട 'ബ്നെയ് മെനാഷെ' സമൂഹത്തിന്റെ ഇസ്രായേലിലേക്കുള്ള കുടിയേറ്റം ലക്ഷ്യമിട്ടുള്ള 'ഓപ്പറേഷൻ വിങ്സ് ഓഫ് ഡോൺ' ആരംഭിച്ചു. ഈ ദൗത്യത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 250 പേർ ഇസ്രായേലിലെത്തി. മണിപ്പൂരിലും മിസോറാമിലുമായി വസിക്കുന്ന ബ്നെയ് മെനാഷെ സമൂഹത്തിലെ അയ്യായിരത്തോളം പേരെ ഇസ്രായേലിലേക്ക് തിരികെ എത്തിക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ ബൃഹത്തായ പദ്ധതിയാണിത്. വ്യാഴാഴ്ച ഡൽഹി വഴി 250 പേർ തെൽ അവീവിൽ വിമാനമിറങ്ങി. ഇവരെ ഇസ്രായേൽ കുടിയേറ്റ കാര്യ മന്ത്രി ഒഫിർ സോഫർ നേരിട്ട് സ്വീകരിച്ചു. 2030-ഓടെ ഏകദേശം 6,000 പേരെ ഇസ്രായേലിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിവർഷം 1,200 പേരെ വീതം കൊണ്ടുപോകാനാണ് ഇസ്രായേൽ തീരുമാനം.പുരാതന ഇസ്രായേലിലെ 'നഷ്ടപ്പെട്ട പത്ത് ഗോത്രങ്ങളിൽ ഒന്നായ മെനാഷെ ഗോത്രത്തിന്റെ പിൻഗാമികളാണ് തങ്ങളെന്നാണ് ഈ വിഭാഗം വിശ്വസിക്കുന്നത്. തങ്ങളുടെ ജൂത പാരമ്പര്യം മുറുകെ പിടിക്കുന്നവരാണ് ഈ സമൂഹം.
2005-ൽ ഇസ്രായേലിലെ ചീഫ് റാബി ഇവരെ ഇസ്രായേലിന്റെ നഷ്ടപ്പെട്ട ഗോത്രമായി അംഗീകരിച്ചു. മണിപ്പൂരിലെ വംശീയ കലാപത്തെത്തുടർന്ന് കടുത്ത ദുരിതമനുഭവിക്കുന്ന വിഭാഗം കൂടിയാണ് ബ്നെയ് മെനാഷെ. പല ജൂത സിനഗോഗുകളും കലാപത്തിൽ തകർക്കപ്പെട്ടിരുന്നു. കലാപത്തെ തുടർന്ന് പലായനം ചെയ്യേണ്ടി വന്ന ഇവർക്ക് ഈ കുടിയേറ്റം വലിയ ആശ്വാസമാണ്.  ഇസ്രായേലിലെത്തുന്ന ഇവർ അവിടെ ഔദ്യോഗികമായി ജൂതമതത്തിലേക്ക് മാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഇസ്രായേൽ പൗരത്വം ലഭിക്കുക. നിലവിൽ വടക്കൻ ഇസ്രായേലിലെ ഗലീലി മേഖലയിലാണ് ഇവരെ താമസിപ്പിക്കുന്നത്. ഹിസ്ബുള്ളയുമായുള്ള സംഘർഷം നിലനിൽക്കുന്ന പ്രദേശമാണെങ്കിലും, സ്വന്തം പൈതൃക ഭൂമിയിലേക്ക് മടങ്ങുന്നതിന്റെ സന്തോഷത്തിലാണ്  ഇവരിലധികം പേരും. മുൻപ് സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ നടന്നിരുന്ന കുടിയേറ്റം ഇപ്പോൾ ഇസ്രായേൽ സർക്കാർ നേരിട്ട് ഏറ്റെടുത്താണ് 'ഓപ്പറേഷൻ വിങ്സ് ഓഫ് ഡോൺ' എന്ന പേരിൽ നടപ്പിലാക്കുന്നത്.

Tags

Share this story

From Around the Web