കോഴിക്കോട് അതിരൂപതയുടെ ശതാബ്ദി സ്മാരകമായി നിര്‍മ്മിച്ച 10 വീടുകളുടെ താക്കോല്‍ദാന കര്‍മ്മം നടത്തി

കോഴിക്കോട്: ‘അനുഗ്രഹത്തിന്റെ നൂറുവര്‍ഷം’ എന്ന ആപ്ത വാക്യവുമായി മുന്നേറുന്ന കോഴിക്കോട് അതിരൂപതയുടെ ശതാബ്ദി മെമ്മോറിയല്‍ ഹൗസിംഗ് പദ്ധതിയുടെ ഭാഗമായി, ഭവനരഹിതര്‍ക്കായി നിര്‍മിച്ച 10 വീടുകളുടെ താക്കോല്‍ ദാനവും ആശീര്‍വാദ കര്‍മ്മവും നടത്തി.
കോഴിക്കോട് കത്തീഡ്രല്‍ ഇടവകയുടെ ഭാഗമായ പോറ്റമ്മലില്‍ ആണ് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആശീവാദകര്‍മ്മം നിര്‍വഹിച്ചത്.
ചടങ്ങില്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, രൂപത പ്രോക്യൂറേറ്റര്‍ ഫാ. പോള്‍ പേഴ്‌സി ഡിസില്‍വ, ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ, വിവിധ കോണ്‍ഗ്രിഗേഷനുകളുടെ പ്രൊവിന്‍ഷ്യല്‍മാര്‍, വൈദികര്‍, സന്യസ്തര്‍, അല്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
42 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ പ്രദേശത്ത് നല്‍കിയ 6 വീടുകളും ഇപ്പോള്‍ നല്‍കിയ 10 വീടുകളും കൂടി 16 വീടുകളെ ‘സ്‌നേഹ നഗര്‍’ എന്ന് ആര്‍ച്ചുബിഷപ് പേര് നല്‍കി. സ്‌നേഹത്തിന്റെ കൂട്ടായ്മയുടെ സാക്ഷ്യമായി സ്‌നേഹ നഗര്‍ മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായി മാറിയ ശതാബ്ദി ഹൗസിംഗ് പദ്ധതി, ഇനി വയനാടിന്റെ പള്ളിക്കുന്ന്, പാക്കം തുടങ്ങിയ അതിരൂപതാ പരിധിയിലെ കൂടുതല്‍ ഗ്രാമപ്രദേ ശങ്ങളിലേക്ക് വ്യാപിക്കും. നിര്‍മ്മാണം പുരോഗമിക്കുന്ന വീടുകള്‍ ഉടന്‍ തന്നെ നല്‍കാന്‍ സാധിക്കുമെന്ന് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു.