രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരള പൊലീസ് അക്കാദമി. അക്കാദമി ഡയറക്ടര്‍ ഐ.ജി.പി.കെ. സേതുരാമന്‍ ഐ.പി.എസ് മുഖ്യാതിഥിയായി ദേശീയ പതാക ഉയര്‍ത്തി

തൃശൂര്‍:രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരള പൊലീസ് അക്കാദമി. പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്ന മഹത്തായ സ്വാതന്ത്ര്യദിന പരേഡില്‍, അക്കാദമി ഡയറക്ടര്‍ ഐ.ജി.പി.കെ. സേതുരാമന്‍ ഐ.പി.എസ് മുഖ്യാതിഥിയായി ദേശീയ പതാക ഉയര്‍ത്തി.
ജനസേവനത്തിനും രാഷ്ട്രനിര്‍മ്മാണത്തിനുമുള്ള സമര്‍പ്പണമനോഭാവത്തിന്റെ പ്രാധാന്യം പ്രതിപാദിക്കുന്ന സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
12 പ്ലാറ്റൂണുകള്‍ അണിനിരന്ന പരേഡില്‍ എസ്.ഐ. കേഡറ്റ് സുബോദ് പരേഡ് കമാന്‍ഡറായും എസ്.ഐ. കേഡറ്റ് നിസാമുദ്ദീന്‍ സെക്കന്‍ഡ്-ഇന്‍-കമാന്‍ഡായും മുഖ്യാതിഥിയെ അഭിവാദ്യം ചെയ്തു.
കോരി ചൊരിയുന്ന മഴയെ വകവയ്ക്കാതെയാണ് പരേഡ് നടന്നത്. 79-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് വിപുലമായ ആഘോഷമാണ് നടന്നത്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തി. മതവിദ്വേഷമില്ലാത്ത ഇന്ത്യ യാഥാര്‍ഥ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷങ്ങളെ മുന്‍നിര്‍ത്തി രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലായിരുന്നു. സുരക്ഷയുടെ ഭാഗമായി ഇരുപതിനായിരത്തോളം പൊലീസ്, അര്‍ദ്ധസൈനിക ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.