ഭരണാധികാരികളുടെ ജൂബിലിയാചരണ പരിപാടികള്‍ റോമില്‍ ആരംഭിച്ചു.

ഭരണാധികാരികളുടെ ജൂബിലിയാചരണ പരിപാടികള്‍ റോമില്‍ ആരംഭിച്ചു. ഈ ദ്വിദിന ജൂബിലിയാചരണം ശനി,ഞായര്‍ ദിനങ്ങളില്‍ നടക്കും. സുവിശേഷവത്കരണത്തിനായുള്ള റോമന്‍കൂരിയാ വിഭാഗമാണ് ഇതിന് നേതൃത്വം നല്കുന്നത്. എഴുപതോളം നാടുകളില്‍ നിന്നുള്ള, ഭരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ ആചരണത്തിനായി റോമില്‍ എത്തിയിട്ടുണ്ട്.
2025 പ്രത്യാശയുടെ ജൂബിലി വത്സരമായി ആചരിക്കുന്നതിനോടനുബന്ധിച്ചാണ് സഭയിലെയും സമൂഹത്തിലെയും വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ നിശ്ചിത ദിനങ്ങളില്‍ റോമിലെത്തി ജൂബിലിയില്‍ പങ്കുചേരുന്നത്. ശനിയാഴ്ച രാവിലെ ഈ ജൂബിലി തീര്‍ത്ഥാടകര്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധവാതില്‍ കടന്നു.
കൂടിക്കാഴ്ച, സംഗീത വിരുന്ന്, ഞായറാഴ്ച പാപ്പാ നയിക്കുന്ന മദ്ധ്യാഹ്ന പ്രാര്‍ത്ഥനയിലും അന്നു വൈകുന്നേരം റോം രൂപതയുടെ കത്തീദ്രല്‍ ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ അങ്കണത്തില്‍ പാപ്പാ അര്‍പ്പിക്കുന്ന ദിവ്യബലിയിലും പങ്കുചേരല്‍ എന്നിവ ഭരണാധികാരികളുടെ ജൂബിലിയാചരണ പരിപാടിയില്‍ ഉള്‍പ്പെടുന്നു.