പ്രത്യാശയുടെ ജൂബിലി അവസാനിച്ചു: ദൈവസാന്നിദ്ധ്യത്തില്‍ എല്ലാത്തിനും മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന് പാപ്പാ
വത്തിക്കാന്‍:2025-ലെ എപ്പിഫനി തിരുനാള്‍ ദിനത്തില്‍, പ്രത്യാശയുടെ ജൂബിലി വര്‍ഷത്തിന് അവസാനം കുറിച്ചുകൊണ്ട്, ലിയോ പതിനാലാമന്‍ പാപ്പാ, വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതില്‍ അടച്ചു.
തികച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങുകളില്‍, ബസലിക്കയ്ക്കുള്ളിലും പുറത്തുമായി പതിനയ്യായിരത്തിലധികം ആളുകള്‍ പങ്കെടുത്തു. ജൂബിലി വര്‍ഷത്തില്‍, റോമിലെ നാല് ബസലിക്കകളിലുമായി മൂന്നേകാല്‍ കോടിയിലധികം വിശ്വാസികള്‍ ഈ വര്‍ഷം വിശുദ്ധ വാതില്‍ കടന്നിരുന്നു.
ജനുവരി ആറാം തീയതി രാവിലെ 9.30-ന് ആരംഭിച്ച ചടങ്ങില്‍, ജൂബിലി വര്‍ഷത്തിന്റെ ഔദ്യോഗിക ഗാനാലാപനത്തിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ പ്രത്യാശയുടെ ഈ ജൂബിലിയുടെ അവസാന വിശുദ്ധ വാതില്‍ അടച്ചു. തുടര്‍ന്ന് പരിശുദ്ധ പിതാവ് വിശുദ്ധ ബലിയര്‍പ്പിച്ചു.
പൂജരാജാക്കന്മാരുടെ ആനന്ദത്തിന്റെയും ഹേറോദേസിന്റെ ഭയത്തിന്റെയും ദിനമാണ് എപ്പിഫനിയെന്ന് വിശുദ്ധ ബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തില്‍ പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു. എല്ലാത്തിനെയും മാറ്റിമറിക്കുന്ന സാന്നിദ്ധ്യമാണ് ദൈവത്തിന്റെ മനുഷ്യാവതാരത്തില്‍ നാം കാണുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ദൈവത്തിന്റെ വരവ്, ദുഃഖമകറ്റുന്നതാണെന്നും, എല്ലാം പുതുതാക്കുന്നതാണെന്നും ഓര്‍മ്മിപ്പിച്ച പരിശുദ്ധ പിതാവ്, വര്‍ത്തമാന, ഭാവി കാലങ്ങളെ വ്യത്യസ്തമാക്കുന്ന സാന്നിദ്ധ്യമാണ് ക്രിസ്തുവില്‍ നാം കാണുന്നതെന്ന് പ്രസ്താവിച്ചു.
പ്രത്യാശ മൂലം ക്രിസ്തുവിനെ കാണാനെത്തുന്ന പൂജരാജാക്കന്മാര്‍ ജറുസലേമില്‍ സന്തോഷത്തിന് പകരം ചിലരിലെങ്കിലും ഭീഷണിയുടെ ഭാവം ഉയരാന്‍ കാരണമാകുന്നുണ്ട്.
വെള്ളിയിലും സ്വര്‍ണ്ണത്തിലും തീര്‍ത്ത പ്രതിമകള്‍ പോലെ, നമ്മുടെ കരങ്ങള്‍ കൊണ്ട് നിയന്ത്രിച്ചുനിറുത്താനാകാത്തവനും, പരിശുദ്ധ അമ്മ കരങ്ങളില്‍ പേറിയവനും, ജ്ഞാനികള്‍ ആരാധിച്ചവനുമായ ദൈവമാണ് നമ്മുടേതെന്നും, ജീവിക്കുന്നവനും സ്വയം നല്കുന്നവനുമായവനാണ് അവനെന്നും പരിശുദ്ധ പിതാവ് പ്രസ്താവിച്ചു.
അതുകൊണ്ടുതന്നെ വിശുദ്ധമായ ഇടങ്ങള്‍ ജീവന്റെ സന്ദേശം പരത്തുന്നവയാകണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
പൂജരാജാക്കന്മാര്‍ വണങ്ങുന്ന ശിശു, അമൂല്യനും, അളക്കാനാകാത്ത നന്മയുമാണെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, എന്നാല്‍ അവന്‍ വിലയേറിയ ഒരിടത്തല്ല, എളിമയുള്ള ഒരിടത്താണ് ജനിക്കുന്നതെന്ന് എടുത്തുപറഞ്ഞു.
പ്രത്യാശയുടെ തീര്‍ത്ഥാടനം തുടരേണ്ടതിന്റെ പ്രാധാന്യവും പാപ്പാ തന്റെ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു.