സെമിനാരി വിദ്യാര്‍ത്ഥികളുടെയും, വൈദികരുടെയും ജൂബിലി ആഘോഷം റോമില്‍

വത്തിക്കാന്‍സിറ്റി:പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്റെ സാന്നിധ്യത്തില്‍ ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അജപാലന ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും, സെമിനാരി രൂപീകരണത്തില്‍ ഉള്ളവരുടെയും സംയുക്ത സംഗമം ജൂണ്‍ 26ന് മൂന്നു മണി മുതല്‍ ആറു മണിവരെ റോമിലെ കോണ്‍ചിലിയാത്സിയോനെ ഓഡിറ്റോറിയത്തില്‍ നടക്കും. സെമിനാരിവിദ്യാര്‍ത്ഥികളുടെയും, വൈദികരുടെയും ജൂബിലിയോടനുബന്ധിച്ച് വൈദികര്‍ക്കായുള്ള ഡിക്കാസ്റ്ററിയാണ് സംഗമം സംഘടിപ്പിക്കുന്നത്.
'സന്തോഷമുള്ള വൈദികര്‍- നിങ്ങളെ ഞാന്‍ സുഹൃത്തുക്കള്‍ എന്ന് വിളിച്ചിരിക്കുന്നു' (യോഹന്നാന്‍ 15,15) എന്നതാണ് സംഗമത്തിന്റെ പ്രമേയം. നല്ല ഇടയനായ ക്രിസ്തുവുമായുള്ള സൗഹൃദവും, ദൈവജനത്തിനായുള്ള സന്തോഷകരമായ സേവനവും പൗരോഹത്യത്തിന്റെ കാതലാണെന്നു ഓര്‍മ്മപെടുത്തുന്നതാണ് പ്രമേയം.
ആമുഖ പ്രാര്‍ത്ഥനയ്ക്ക് ശേഷം, വൈദികര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കര്‍ദ്ദിനാള്‍ ലാസാരോ യു ഹ്യൂങ് സിക്കിന്റെ ആശംസയോടെ സംഗമം ആരംഭിക്കും. വിവിധ സാക്ഷ്യങ്ങളും പങ്കുവയ്ക്കപ്പെടും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വൈദിക രൂപീകരണത്തിന്റെയും, അജപാലനശുശ്രൂഷകളുടെയും വ്യത്യസ്തങ്ങളായ അനുഭവങ്ങളെക്കുറിച്ചു സംസാരിക്കും.
പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പായും സംഗമത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും. പൗരോഹിത്യ വിളിയുടെ അര്‍ത്ഥത്തെക്കുറിച്ചും അതിന്റെ സൗന്ദര്യത്തെക്കുറിച്ചും, ദൈനംദിന ജീവിതത്തില്‍, ശുശ്രൂഷയുടെ വിശുദ്ധിക്കും കൂട്ടായ്മയ്ക്കുമുള്ള ആഹ്വാനത്തെക്കുറിച്ചും കേള്‍ക്കുന്നതിനും ചിന്തിക്കുന്നതിനുമുള്ള സമയമായിരിക്കും സംഗമം. അംഗങ്ങള്‍ക്ക് പരസ്പരം സംഭാഷണം നടത്തുന്നതിനുള്ള അവസരങ്ങളും സംഗമത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.
യോഗത്തിന്റെ രണ്ടാം ഘട്ടത്തില്‍, സെമിനാരി വിദ്യാര്‍ത്ഥികളുടെ പ്രാരംഭ രൂപീകരണത്തിലെ വിവിധ രീതികളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യപ്പെടുക. അന്നേദിവസം സംഗമത്തിനുശേഷം വത്തിക്കാനില്‍ ജാഗരണ പ്രാര്‍ത്ഥനയും നടക്കും. പങ്കാളിത്തം സൗജന്യമാണെങ്കിലും, ഡിക്കസ്റ്ററിയുടെ ഔദ്യോഗിക വെബ്സൈറ്റായ ംംം.രഹലൃൗ.െ്മ വഴി രജിസ്റ്റര്‍ ചെയ്യേണ്ടത് ആവശ്യമാണ്.