അവകാശ സംരക്ഷണ യാത്ര ഇന്നു തുടങ്ങും

കാസര്‍ഗോഡ്: 'നീതി ഔദാര്യമല്ല അവകാശമാണ്' എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന 'അവകാശ സംരക്ഷണ യാത്ര' ഇന്ന് (ഒക്ടോബര്‍ 13) ഉച്ചകഴിഞ്ഞ് 3.30 പാണത്തൂരില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.
ബിഷപ് ലഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 24 ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റു പടിക്കല്‍ നടക്കുന്ന ധര്‍ണയോടെ ജാഥ സമാപിക്കും.
മതേതരത്വവും രാജ്യത്തിന്റെ ഭരണഘടനയും സംരക്ഷിക്കുക, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, വന്യമൃഗ ശല്യവും ഭൂപ്രശ്നങ്ങളും അവസാനിപ്പിക്കുക, റബര്‍, നെല്ല് ഉള്‍പ്പെടെ കാര്‍ഷിക ഉത്പന്നങ്ങളുടെ വില തകര്‍ച്ചയ്ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസ - ന്യൂനപക്ഷ രംഗങ്ങളിലെ അവഗ ണനകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്ന യിച്ചാണ് യാത്ര നടത്തുന്നത്.
ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള അധ്യാപക നിയമന നിരോധനം, ഇഡബ്യൂഎസ് സംവരണം, ഭൂപതിവു ചട്ട ഭേദഗതി, മുനമ്പം പ്രശ്നത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ തുടങ്ങിയ യാത്രയുടെ പ്രധാന വിഷയങ്ങളാണ്.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് റാഫേല്‍ തട്ടില്‍, ആര്‍ച്ചുബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ തോമസ് തറയില്‍, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ അലക്സ് താരാമംഗലം, മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ജാഥയെ അതിസംബോധന ചെയ്യും.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍, രൂപത ഭാരവാഹികള്‍ നേതൃത്വം നല്‍കുന്ന ജാഥയ്ക്ക് 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ നല്‍കും.