മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പിഞ്ചുകുഞ്ഞിന്റെ ആഭരണങ്ങള്‍ കവര്‍ന്നു; ഒന്നര പവന്റെ മാലയും പാദസരവും നഷ്ടപ്പെട്ടു
കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു.
ഒന്നര പവനോളം വരുന്ന സ്വര്‍ണ്ണമാലയും പാദസരവുമാണ് നഷ്ടപ്പെട്ടത്. മലയിടംതുരുത്ത് സ്വദേശി അംജദിന്റെ കുഞ്ഞിന്റെ ആഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തില്‍ കുടുംബം പോലീസില്‍ പരാതി നല്‍കി.
ഒക്ടോബര്‍ 7 ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും 4:30-നും ഇടയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ രണ്ട് മണിയോടെ നഴ്‌സ് എത്തി കുഞ്ഞിന് നെബുലൈസേഷന്‍ നല്‍കിയിരുന്നു.
തുടര്‍ന്ന് 4:30-ഓടെ കുഞ്ഞിന്റെ മാതാവ് ഉണര്‍ന്ന് ശുചിമുറിയില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് കുഞ്ഞിന്റെ കഴുത്തിലെ മാലയും കാലിലെ പാദസരവും നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെടുന്നത്.
അതേസമയം, വാര്‍ഡിന് പുറത്ത് സെക്യൂരിറ്റി ജീവനക്കാരുടെ നിരീക്ഷണവും സി.സി.ടി.വി ക്യാമറകളും ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തില്‍ മറ്റ് വാര്‍ഡുകളില്‍ നിന്ന് സമാനമായ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, പോലീസിന്റെ നിര്‍ദ്ദേശപ്രകാരം സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനൂപ് ജോസഫ് അറിയിച്ചു.