ഗാസയിലെ കുരുന്നുകളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ജെറുസലേം പാത്രിയാര്‍ക്കേറ്റ്
ജെറുസലേം: യുദ്ധത്തിന്റെ ആഘാതത്തില്‍ അതീവ ദുരിതാവസ്ഥയില്‍ കഴിയുന്ന ഗാസയിലെ കുരുന്നുകളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ഇടപെടലുമായി ജെറുസലേം പാത്രിയാര്‍ക്കേറ്റ്.
ദീര്‍ഘനാളുകളായി തുടരുന്ന യുദ്ധത്തിന്റെ ആഘാതത്തില്‍ പ്രദേശത്തെ വിദ്യാഭ്യാസമേഖലയും, അടിസ്ഥാനസൗകര്യങ്ങളും പരിമിതങ്ങളാണെങ്കിലും പ്രദേശത്തുള്ള തിരുക്കുടുംബ ഇടവക ദേവാലയത്തിനോട് ചേര്‍ന്നുള്ള സ്‌കൂള്‍ സെപ്റ്റംബറോടെ തുറന്ന് ആയിരത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസസൗകര്യങ്ങള്‍ നല്‍കാനാണ് ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് ശ്രമിക്കുന്നതെന്നു വികാരി ജനറല്‍ ബിഷപ്പ് വില്യം ഹന്ന ഷോമാലി പറഞ്ഞു.
അതുവഴി കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയും ബിഷപ്പ് ഷോമാലി പങ്കുവച്ചു.
പ്രദേശത്ത് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ യഥാര്‍ത്ഥത്തില്‍ യുദ്ധം അവസാനിപ്പിച്ചില്ലെന്നും കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ഇസ്രായേല്‍ ഗാസയിലുടനീളം ആക്രമണങ്ങള്‍ തുടര്‍ന്നുവെന്നും ബിഷപ്പ് വെളിപ്പെടുത്തി.
ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം മാത്രം, ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരില്‍ 265 പേര്‍ കുട്ടികളാണ്. ആക്രമണങ്ങളില്‍ 3400 പേര്‍ക്ക് പരിക്കേറ്റു.
ഗാസ മുനമ്പിന്റെ 47 ശതമാനം പ്രദേശത്താണ് അവിടെയുള്ള മുഴുവന്‍ ജനങ്ങളും താമസിക്കുന്നത്. ബാക്കി 53 ശതമാനം പ്രദേശം ഇസ്രായേല്‍ അധീനതയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ 80 ശതമാനവും തകര്‍ന്ന നിലയിലാണ്.
ഗാസ മുനമ്പില്‍, മരുന്നുകള്‍ പരിമിതമായ തോതില്‍ മാത്രമാണ് എത്തുന്നതെന്നും, ആവശ്യമായ എല്ലാ മരുന്നുകളും നിലവില്‍ ലഭ്യമല്ലെന്നും പ്രദേശത്ത് പലര്‍ക്കും തൊഴില്‍ നഷ്ടമായതിനാല്‍ സാമ്പത്തികസഹായം ഉള്‍പ്പെടെ നല്കുന്നുണ്ടന്നും ബിഷപ്പ് ഷോമാലി പറയുന്നു.
ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ദേവാലയത്തില്‍ നൂറുകണക്കിന് ആളുകള്‍ക്കു അഭയമൊരുക്കിയിട്ടുണ്ട്.