ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനം ചെയ്യുന്ന ആഗോള ഭൂതോച്ചാടക വൈദികരുടെ സമ്മേളനം ഇറ്റലിയില്‍ സമാപിച്ചു

 
bhottam


വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സേവനം ചെയ്യുന്ന ആഗോള ഭൂതോച്ചാടക വൈദികരുടെ സമ്മേളനത്തിന് ഇറ്റലിയില്‍ സമാപനം. 


ഇറ്റലിയിലെ സാക്രൊഫാനോയില്‍ സെപ്റ്റംബര്‍ 15 മുതല്‍ 20 വരെ തീയതികളില്‍ നടന്ന പതിനഞ്ചാമത് അന്താരാഷ്ട്ര സമ്മേളനത്തിനു ലെയോ പതിനാലാമന്‍ പാപ്പ ആശംസ സന്ദേശമയച്ചു. 


തിന്മയുടെ അടിമകളായി ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യര്‍ക്ക് വിടുതലും ആശ്വാസവും നല്‍കുന്ന ഇത്തരമൊരു ശുശ്രൂഷ ഏറെ പ്രധാനപ്പെട്ടതാണെന്നു പാപ്പ പറഞ്ഞു.

വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നെത്തിയ ഭൂതോച്ചാടകരായ വൈദികരും അവരുടെ സഹായികളുമുള്‍പ്പെടെ മുന്നൂറോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 

രണ്ടു വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഭൂതോച്ചാടകരായ വൈദികരുടെ അന്താരാഷ്ട്രസമ്മേളനം നടക്കുന്നത്. 


ഭൂതോച്ചാടനശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികരുടെ അന്താരാഷ്ട്ര അസോസിയേഷന്റെ ഉപാധ്യക്ഷനും, സമ്മേളനത്തിന്റെ മോഡറേറ്ററുമായിരുന്ന ഫാ. ഫ്രഞ്ചേസ്‌കോ ബമോന്തെയാണ് സമ്മേളനത്തിന്റെ ആരംഭത്തില്‍ പാപ്പായുടെ സന്ദേശം വായിച്ചത്.


ഭൂതോച്ചാടനമെന്നത് ഏറെ സൂക്ഷമായി കൈകാര്യം ചെയ്യേണ്ടതും, എന്നാല്‍ ഏറെ ആവശ്യമുള്ളതുമായ ഒരു ശുശ്രൂഷയാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

 ഭൂതോച്ചാടനമെന്ന കൗദാശികശുശ്രൂഷയിലൂടെ കര്‍ത്താവ് സാത്താനുമേല്‍ വിജയം നല്‍കാന്‍വേണ്ടിയും, തിന്മയുടെ ശക്തി ആവേശിച്ചിരിക്കുന്ന ആളുകളെ വിടുതലിന്റെ അനുഭവത്തിലേക്ക് നയിക്കുന്നതിനും ആശ്വാസം പകരുന്നതിനും വേണ്ടിയും കര്‍ത്താവിനോട് കൂടുതല്‍ അപേക്ഷിക്കാനും പ്രാര്‍ത്ഥിക്കാനും പാപ്പ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. 

ആയിരത്തിലേറെ അംഗങ്ങളുള്ള സംഘടനയാണ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സോര്‍സിസ്റ്റ്‌സ്.

Tags

Share this story

From Around the Web