യുഡിഎഫ് സര്ക്കാരിന്റെ പ്രാരംഭ പ്രവര്ത്തനങ്ങള് പ്രത്യാശാഭരിതം; ജനപക്ഷ ഇടപെടലുകള് തുടര്ന്നും ആവശ്യം: കെസിബിസി ജാഗ്രത കമ്മീഷന്
യുഡിഎഫ് സര്ക്കാരിന്റെ ആദ്യഘട്ട പ്രവര്ത്തനങ്ങള് പ്രത്യാശാഭരിതവും അഭിനന്ദനാര്ഹവുമാണ്.
മുതിര്ന്ന പൗരന്മാരുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള ബില് നിയമസഭയില് അവതരിപ്പിക്കപ്പെട്ടത്, വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനം, നൂറുദിന കര്മപരിപാടിയില് ലക്ഷ്യമിട്ട 588 പദ്ധതികളില് 568 എണ്ണം പൂര്ത്തിയാക്കാനായെന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തുടങ്ങിയവ ഭരണനിര്വഹണത്തിലെ ശ്രദ്ധേയമായ നേട്ടങ്ങളാണ്.
മയക്കുമരുന്ന് വ്യാപനത്തിനെതിരായ 'തൂഫാന്' പദ്ധതി, വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ദീര്ഘകാല ആവശ്യങ്ങള് പരിഗണിച്ച് വിവിധ പദ്ധതികള്ക്ക് തുടക്കം കുറിച്ചത് തുടങ്ങിയ നടപടികള് വലിയ പ്രതീക്ഷ നല്കുന്നവയാണ്. ഇത്തരം പദ്ധതികളുടെ ഫലപ്രദമായ നിര്വഹണം ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാ കേരള നിവാസികള്ക്കും ഗുണകരമാകുമെന്ന് കരുതുന്നു.
വിവിധ സര്ക്കാര് വകുപ്പുകളില് കാലങ്ങളായി കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ഫയലുകള് ഡിസംബര് 31-നുള്ളില് തീര്പ്പാക്കുന്നതിനായി പ്രഖ്യാപിച്ചിരിക്കുന്ന 'ജനസ്പര്ശം' പദ്ധതിയും ജനകീയ ഭരണത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണ്. ഓരോ ഫയലിനും പിന്നില് സാധാരണ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളുണ്ടെന്ന തിരിച്ചറിവോടെ ഈ പദ്ധതി നടപ്പാക്കുന്നത് അനേകം പേര്ക്ക് ആശ്വാസമായേക്കും.
കേരള മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങളും തൂഫാന്, വയോജന ക്ഷേമം തുടങ്ങിയ പദ്ധതികള്ക്ക് സവിശേഷമായ ഐക്യദാര്ഢ്യവും അറിയിക്കുന്നു. അതോടൊപ്പം, സംസ്ഥാനത്തിന്റെ വിവിധ മേഖലകളില് ജനങ്ങള് ദീര്ഘകാലമായി നേരിടുന്ന മറ്റു പ്രതിസന്ധികള് പരിഹരിക്കുന്നതിനുള്ള നടപടികള്ക്കും സര്ക്കാര് മുന്ഗണനനല്കണമെന്ന് അഭ്യര്ഥിക്കുന്നു.
* പരിസ്ഥിതിലോല മേഖലകളുമായി (ഋടഅ) ബന്ധപ്പെട്ട വിഷയത്തില് ഇനിയും നിലനില്ക്കുന്ന ജനങ്ങളുടെ ആശങ്കകള് പരിഗണിച്ചും കര്ഷകരുടെയും മലയോര ജനതയുടെയും അവകാശങ്ങള് സംരക്ഷിച്ചും വ്യക്തതയോടെയുള്ള തുടര്നടപടികള് കൈക്കൊള്ളണം.
* വിഴിഞ്ഞത്തിന് പുറമെ സംസ്ഥാനത്തെ വിവിധ തീരദേശ മേഖലകളില് കടലാക്രമണം, തീരശോഷണം, ഉപജീവനപ്രതിസന്ധി, പുനരധിവാസ പ്രശ്നങ്ങള് തുടങ്ങിയവ നേരിടുന്ന മത്സ്യത്തൊഴിലാളികള്ക്കും തീരദേശവാസികള്ക്കും ശാശ്വത പരിഹാരങ്ങളും ആവശ്യമായ സംരക്ഷണവും ഉറപ്പാക്കണം.
* മലയോര മേഖലകളില് വര്ധിച്ചുവരുന്ന മനുഷ്യവന്യജീവി സംഘര്ഷം നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും സംരക്ഷണം ഉറപ്പാക്കുന്നതിനും ഫലപ്രദമായ നടപടികള് സ്വീകരിക്കണം.
* ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ജെ.ബി. കോശി കമ്മീഷന് റിപ്പോര്ട്ടിലെ ശുപാര്ശകള് സമയബന്ധിതമായി നടപ്പാക്കുന്നതിനും സര്ക്കാര് സത്വര നടപടികള് സ്വീകരിക്കണം. റിപ്പോര്ട്ടിന്റെ നിര്ദേശങ്ങള് പ്രായോഗികമാക്കുന്നതിലൂടെ അര്ഹരായ ജനവിഭാഗങ്ങള്ക്ക് നീതിയും ആനുകൂല്യങ്ങളും ഉറപ്പാക്കാന് കഴിയണം.
* മുനമ്പത്തെ ജനങ്ങളുടെ റവന്യൂ അവകാശം പുനഃസ്ഥാപിക്കാനും പ്രശ്നം ശാശ്വതമായി പരിഹരിക്കാനുമുള്ള അടിയന്തര ഇടപെടലുകള്ക്ക് സര്ക്കാര് തയ്യാറാകണം.
പ്രഖ്യാപനങ്ങള് ഫലപ്രദമായ നടപടികളായി മാറുകയും സാധാരണ ജനങ്ങളുടെ ജീവിതപ്രതിസന്ധികള്ക്ക് ശാശ്വതമായ പരിഹാരങ്ങള് കണ്ടെത്തുകയും ചെയ്യുന്ന ജനപക്ഷ ഇടപെടലുകള് സര്ക്കാര് തുടര്ന്നും നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും നീതിപൂര്വമായ ആവശ്യങ്ങള് പരിഗണിച്ചുകൊണ്ട് വികസനവും സാമൂഹികനീതിയും ക്ഷേമവും ഉറപ്പാക്കാന് സര്ക്കാരിന് കഴിയട്ടെ.
ഫാ. ഡോ. ആന്റണി FÂ. OFM Cap.
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്