മുഖ്യമന്ത്രിയുടെ വാഹനം റോഡിൽ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം; സുരക്ഷാ വീഴ്ചയെന്ന് സ്പെഷൽ ബ്രാഞ്ച്, റൗഡി ലിസ്റ്റിലുള്ളയാളെ കസ്റ്റഡിയിലെടുക്കുന്നതിലും വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ റോഡിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ സുരക്ഷ വീഴ്ച സംഭവിച്ചതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്.
മുഖ്യമന്ത്രിയുടെ അരികിലെത്തിയാണ് ചേന്തി അനിൽ മോശം പരാമർശം നടത്തുകയും വെല്ലുവിളിക്കുകയും ചെയ്തത്. ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചതയദിനാചരണ ചടങ്ങിൽ ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ പങ്കെടുക്കുമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത്. അത് മനസ്സിലാക്കിയുള്ള മുന്നൊരുക്കം ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചു.
മുഖ്യമന്ത്രിയെ പോലുള്ള വി.ഐ.പി കടന്നുപോകുമ്പോൾ വാഹനം തടഞ്ഞുനിർത്തുകയെന്നത് അസാധാരണ സംഭവമാണ്. അത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. അതിലും പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ.
മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയ വ്യക്തിയെ സംഭവസ്ഥലത്ത് നിന്നും ഉടൻ കസ്റ്റഡിയിലെടുക്കുന്നതിലും വീഴ്ച സംഭവിച്ചു. റൗഡി ലിസ്റ്റിലുള്ള ആളാണെന്ന് അറിഞ്ഞിട്ടും ശരിയായ നടപടിയുണ്ടായില്ലെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ വിലയിരുത്തൽ.
പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും ചെമ്പഴന്തിയിലെ ഗുരുജയന്തി ആഘോഷത്തിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ എത്താനാവില്ലെന്ന് സംഘാടകരെ മുൻകൂട്ടി അറിയിച്ചിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞു. എന്നാൽ വൈകിട്ട് പരിപാടി ആരംഭിക്കുന്നതിന് അൽപസമയം മുമ്പാണ് മുഖ്യമന്ത്രി എത്തില്ലെന്ന വിവരം ലഭിച്ചതെന്നാണു സംഘാടകരുടെ വാദം. ചേന്തി വഴി ചെമ്പഴന്തിയിലേക്ക് മുഖ്യമന്ത്രി പോയപ്പോഴാണ് സംഘാടകർ വാഹനവ്യൂഹം തടഞ്ഞത്.