കേസൊതുക്കാൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവം; ഇ ഡി ഉദ്യോഗസ്ഥൻ ശേഖർ കുമാറിന്‍റെ മൊഴി പരിശോധിച്ച് വിജിലൻസ്

കേസൊതുക്കാൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ, ഒന്നാം പ്രതിയായ ഇ ഡി ഉദ്യോഗസ്ഥൻ ശേഖർ കുമാറിന്‍റെ മൊഴി പരിശോധിച്ച് വിജിലൻസ്. രണ്ടു ദിവസങ്ങളിലായി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് വിജിലൻസ് വിലയിരുത്തൽ. അതേസമയം തനിയ്ക്ക് ലഭിച്ച സ്ഥലം മാറ്റം കേസന്വേഷണത്തെ ബാധിക്കില്ലെന്നും ശേഖർ കുമാറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും വിജിലൻസ് എസ്പി എസ് ശശിധരന്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ചൊവ്വ, ബുധന്‍ എന്നീ രണ്ടുദിവസങ്ങളിലായി 12 മണിക്കൂറിലേറെയാണ് ഇ ഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തത്. വിജിലന്‍സിന് ലഭിച്ച തെളിവുകള്‍ മുന്‍നിര്‍ത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ശേഖര്‍ കുമാറിന്‍റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക വിലയിരുത്തല്‍. കേസില്‍ നേരത്തെ അറസ്റ്റിലായ ഇഡി എജന്‍റുമാരായ വിത്സണ്‍ വര്‍ഗ്ഗീസ്, രഞ്ജിത്ത് വാര്യര്‍ എന്നിവരുടെ മൊഴിയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് വൈരുദ്ധ്യമുള്ളതായി വിജിലന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ശേഖര്‍ കുമാറിനെ വീണ്ടും ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്‍റെ തീരുമാനം. അതേസമയം തനിയ്ക്ക് ലഭിച്ച സ്ഥലം മാറ്റം കേസന്വേഷണത്തെ ബാധിക്കില്ലെന്നും അന്വേഷണം ശക്തമായി മുന്നോട്ടുപോകുമെന്നും എറണാകുളം വിജിലന്‍സ് എസ് പി എസ് ശശിധരന്‍ വ്യക്തമാക്കി.
ഒന്നാം പ്രതി ശേഖർ കുമാറും ഇഡി ഏജന്‍റായ രണ്ടാം പ്രതി വിൽസൺ വർഗീസും ഐ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ വിജിലൻസിന്റെ പക്കലുണ്ട്. മറ്റൊരു പ്രതി രഞ്ജിത്ത് വാര്യരുമായി പ്രത്യേക ആപ്പ് ഉപയോഗിച്ച് ശേഖർ കുമാർ നടത്തിയ സംഭാഷണത്തിന്‍റെ തെളിവുകളും വിജിലൻസിന്‍റെ കൈവശമുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ശേഖര്‍കുമാറിനെ ഷില്ലോങിലേക്ക് സ്ഥലം മാറ്റിയിരുന്നു.
കശുവണ്ടി വ്യവസായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി എടുത്ത കേസ് ഒതുക്കാൻ കൊച്ചിയിലെ ഏജന്റുമാർ മുഖേന രണ്ടുകോടി രൂപ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് കേസെടുത്തത്. മൂന്ന് പേരെ വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.