ആംബുലൻസ് കിട്ടാതെ യാത്രക്കാരന്‍ പ്ലാറ്റ്‍ഫോമിൽ കിടന്ന് മരിച്ച സംഭവം. എഡിജിപി ഇന്റലിജൻസ് റിപ്പോർട്ട് തേടി

തൃശൂര്‍: തൃശൂരിൽ ട്രെയിൻ യാത്രക്കാരൻ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് പ്ലാറ്റ്‍ഫോമിൽ കിടന്ന് മരിച്ച സംഭവത്തിൽ എഡിജിപി ഇന്റലിജൻസ് റിപ്പോർട്ട് തേടി.
എഡിജിപി പി.വിജയനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് തേടിയത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഷൊർണൂർ റെയിൽവേ പൊലീസ് സിഐ രമേഷ് ശ്രീജിത്തിന്റെ സഹയാത്രികയും സുഹൃത്തുമായ സൂര്യയുടെയും ഡോ. അഭിനവിന്റെയും മൊഴിയെടുത്തു.
ഡോ. അഭിനവാണ് ആദ്യഘട്ടത്തിൽ ശ്രീജിത്തിനെ സിപിആർ നൽകി പരിചരിച്ചത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്രീജിത്തിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടറുടെയും മൊഴിയെടുക്കും.
കഴിഞ്ഞ ആഴ്ചയാണ് മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ യുവാവ് മരിച്ചത് . .
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആംബുലൻസ് കിട്ടാതെ അരമണിക്കൂറോളം മുളങ്കുന്നത്തുകാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ ചാലക്കുടി സ്വദേശിയായ ആദിവാസി യുവാവ് ശ്രീജിത്തിന് കിടക്കേണ്ടിവന്നത്.
പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശ്രീജിത്ത് മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് ശ്രീജിത്ത് മരിച്ചത്.
മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടും ആംബുലൻസ് കിട്ടാതെ 25 മിനിറ്റോളം പ്ലാറ്റ്ഫോമിൽ കിടന്നു എന്നാണ് ആക്ഷേപം.
യുവാവിന് ചികിത്സ വൈകിയതിൽ വിശദീകരണവുമായി ദക്ഷിണ റെയിൽവെ രംഗത്തെത്തിയിരുന്നു. ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായില്ലെന്നാണ് റെയിൽവെയുടെ വിശദീകരണം.
തൃശൂർ സ്റ്റേഷനിൽ ആംബുലൻസ് എത്താൻ ക്രമീകരണം നടത്തിയിരുന്നു. യാത്രക്കാർ ബഹളം ഉണ്ടാക്കിയത് തടസ്സങ്ങൾ ഉണ്ടാക്കി.
പരിമിതമായ റോഡ് സൗകര്യം മൂലമാണ് ആംബുലൻസ് സ്റ്റേഷനിൽ വൈകിയെത്തിയതെന്നും റെയിൽവെയുടെയുടെ വിശദീകരണം.