ആണവായുധങ്ങളുടെ വ്യാപനത്തിനെതിരെ ശബ്ദമുയർത്തി പരിശുദ്ധ സിംഹാസനം
ആണവായുധങ്ങളുടെ വ്യാപനം ഉൾപ്പെടെ, ആഗോളതലത്തിൽ മാനവികതയ്ക്ക് വെല്ലുവിളിയുയർത്തുന്ന യുദ്ധോപകരണങ്ങളുടെയും യുദ്ധതന്ത്രങ്ങളുടെയും ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി പരിശുദ്ധ സിംഹാസനം. ഐക്യരാഷ്ട്രസഭയിൽ, ആണവായുധവ്യാപനവുമായി ബന്ധപ്പെട്ട കരാറിന്റെ പുനരവലോകനം സംബന്ധിച്ച്, ഏപ്രിൽ 29 ബുധനാഴ്ച നടന്ന പതിനൊന്നാമത് പൊതുചർച്ചയിൽ സംസാരിക്കവെ, ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷണ ഓഫീസാണ് യുദ്ധങ്ങളും സംഘർഷങ്ങളും നിമിത്തം ഏറെ ദുരിതങ്ങളും കഷ്ടപ്പാടുകളും നേരിടുന്ന മാനവികതയുടെ നന്മ ലക്ഷ്യമാക്കി സംസാരിച്ചത്.
സംഘർഷയിടങ്ങളിലും യുദ്ധമുഖങ്ങളിലും നിർമ്മിതബുദ്ധിയുടേതുൾപ്പെടെയുള്ള അനിയന്ത്രിതമായ ഉപകരണം ലോകത്തെ കൂടുതൽ അപകടകരമായ നിലയിലേക്കാണ് തള്ളിവിടുന്നതെന്ന് വത്തിക്കാൻ പ്രതിനിധി ഓർമ്മിപ്പിച്ചു. യുദ്ധരംഗത്ത് ഉപയോഗിക്കുന്ന ആയുധങ്ങളുടെ ആധുനികവത്കരണം, ആണവായുധങ്ങളുടെ ഉപയോഗവും പരീക്ഷണങ്ങളും പോലെയുള്ള യാഥാർത്ഥ്യങ്ങൾ സമൂഹത്തിലുയർത്തുന്ന ഭീഷണിയെക്കുറിച്ചും സ്ഥിരം നിരീക്ഷകൻ സംസാരിച്ചു.
വിവിധ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളിലും സംവാദങ്ങളിലും നയതന്ത്രബന്ധങ്ങളിലുമടങ്ങിയ "ബഹുമുഖ നയതന്ത്രം" പലയിടങ്ങളിലും ശക്തി ഉപയോഗിച്ചുള്ള നയതന്ത്രത്തിന് വഴിമാറിക്കൊടുക്കേണ്ടിവരുന്ന സ്ഥിതിയെക്കുറിച്ച് വത്തിക്കാൻ പ്രതിനിധി ഓർമ്മിപ്പിച്ച സ്ഥിരം നിരീക്ഷണ ഓഫീസ്, സമാധാനം ഒരിക്കലും ഭയത്തിൽ അടിസ്ഥാനമിട്ടതാകരുതെന്ന് പ്രസ്താവിച്ചു. ലിയോ പതിനാലാമൻ പാപ്പാ ഓർമ്മിപ്പിച്ചിരുന്നതുപോലെ, ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനമാണ് നമുക്ക് ആവശ്യമുള്ളതെന്ന് പരിശുദ്ധ സിംഹാസനം ഓർമ്മിപ്പിച്ചു.
ആഗോളസുരക്ഷയെ സംബന്ധിച്ച നിയമങ്ങളെ കാറ്റിൽപ്പറത്തി, ആണവകേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ നടക്കുന്നതിനെ സ്ഥിരം നിരീക്ഷണ ഓഫീസ് കുറ്റപ്പെടുത്തി.. നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ, പ്രതിരോധവും ആക്രമണവും പ്രത്യേകിച്ച് ആണവ ഉപകരണങ്ങളുടെ ഉപയോഗം ഉൾപ്പെടുന്ന വ്യവസ്ഥിതികൾ, നിർണ്ണായക പ്രതിസന്ധിഘട്ടങ്ങളിൽ, മാനുഷികമായ ഇടപെടലുകളിലും തീരുമാനങ്ങളിലും നിന്ന് വ്യത്യസ്തമായി, വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്നും പരിശുദ്ധ സിംഹാസനം മുന്നറിയിപ്പ് നൽകി.
ആണവായുധവ്യാപനക്കരാറുമായി ബന്ധപ്പെട്ട്, നിരായുധീകരണം, ആയുധ നിർവ്യാപനം, ആണവോർജ്ജത്തിന്റെ സമാധാനപരമായ കാര്യങ്ങൾക്ക് വേണ്ടിയുള്ള ഉപയോഗം തുടങ്ങിയവ അടിസ്ഥാനപരമായി നിലനിൽക്കേണ്ട മൂല്യങ്ങളാണെന്ന് ഓർമ്മിപ്പിച്ച സ്ഥിരം നിരീക്ഷണ ഓഫീസ്, അന്താരാഷ്ട്രതലത്തിലുള്ള സമാധാനത്തിനും സുരക്ഷയ്ക്കും ഇത് ഏറെ പ്രധാനപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു.