ധന്യൻ കദളിക്കാട്ടിൽ മത്തായി ചുറ്റുമുള്ള മനുഷ്യരില്‍ കർത്താവിന്റെ ഛായ ദര്‍ശിച്ച പുണ്യാത്മാവ്: മാർ റാഫേൽ തട്ടിൽ

 
3333
പാലാ: ചുറ്റുമുള്ള മനുഷ്യർ എല്ലാം കർത്താവിന്റെ ഛായയാണെന്ന തിരിച്ചറിവോടെ കർത്താവിന്റെ മഹത്വത്തിനു വേണ്ടി ജീവിതം സമർപ്പിച്ച പുണ്യാത്മാവാണ് ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ 91-ാം ചരമ വാർഷികാചരണത്തോടനുബന്ധിച്ച് പാലാ എസ് എച്ച് പ്രോവിൻഷ്യൽ ഹൗസ് കപ്പേളയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. ഫാ. ചെറിയാൻ തുണ്ടുപറമ്പിൽ സിഎംഐ, ഫാ.മാത്യു കദളിക്കാട്ടിൽ, ഫാ.സനിൽ മാളിയേക്കൽ, ഫാ. ട്വിങ്കിൾ പ്ലാക്കുഴി എന്നിവർ സഹകാർമ്മികരായിരുന്നു.

കദളിക്കാട്ടിൽ മത്തായി അച്ചന്റെ ചരമവാർഷികാചരണത്തോടനുബന്ധിച്ച് നടന്ന നവനാൾ പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും പ്രധാന ദിവസമായ ഇന്നലെയും നാടിന്റെ നാനാ ഭാഗത്തു നിന്നും നിരവധി ഭക്തജനങ്ങളാണ് ധന്യന്റെ കബറിടം സ്ഥിതി ചെയ്യുന്ന പാലാ എസ് എച്ച് പ്രോവിൻഷ്യൽ ഹൗസ് കപ്പേളയിലെത്തിയത്. തിരുഹൃദയ സന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ ഉഷാ മരിയ, ജനറൽ എഡ്യുക്കേഷൻ കൗൺസിലർ സി സ്റ്റർ ആൻസി പോൾ, പാലാ പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർലിൻ അരീപ്പറമ്പിൽ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ തെരേസ് കോയിപ്പുറം, തുടങ്ങിയവർ നേതൃത്വം നൽകി.

ദൈവികമായ ഇടപെടലിന്റെ ആൾരൂപമാണ് കദളിക്കാട്ടിൽ മത്തായി അച്ചൻ എന്നും കർത്താവിനെ വിട്ട് ഓടാനുള്ള പ്രവണത വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഈശോയുടെ കൂടെ സഞ്ചരിക്കാനുള്ള ആഹ്വാനം ചുറ്റുമുള്ളവർക്ക് പകർന്നു നൽകുകയും ചെയ്‌ത ഉത്തമനായ പുരോഹിതനായിരുന്നു അദ്ദേഹമെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ജാതി, മത, വർഗ, വർണ വ്യത്യാസമില്ലാതെ എല്ലാവരെയും സ്നേഹിച്ച വലിയ ഹൃദയത്തിന് ഉടമയായ കദളിക്കാട്ടിലച്ചൻ തിരുഹൃദയ ഭക്തി വളർത്തിയെന്നും ബിഷപ്പ് അനുസ്മരിച്ചു.

Tags

Share this story

From Around the Web