സമാധാനത്തിനുള്ള സവിശേഷമാർഗ്ഗങ്ങളാണ് മതങ്ങളെന്നാണ് പരിശുദ്ധ പിതാവ് പഠിപ്പിക്കുന്നത്: കർദ്ദിനാൾ കൂവക്കാട്
നീതിയും സാമൂഹ്യസ്ഥിരതയും ഉറപ്പാക്കുന്നതിനും വിവിധ ജനതകൾക്കിടയിൽ സഹകരണമനോഭാവത്തോടെയുള്ള സഹവാസം സാധിതമാക്കുന്നതിനുമുള്ള മാർഗ്ഗങ്ങളാണ് ലിയോ പതിനാലാമൻ പാപ്പാ തന്റെ ആഫ്രിക്കൻ അപ്പസ്തോലികയാത്രയിൽ മുന്നോട്ടുവച്ചതെന്ന് മതാന്തരസംവാദങ്ങൾക്കായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ജോർജ്ജ് ജേക്കബ് കൂവക്കാട്. പരിശുദ്ധ പിതാവിനൊപ്പം ആഫ്രിക്കയിലേക്കുള്ള യാത്രയിൽ കൂടെയുണ്ടായിരുന്ന ഡികാസ്റ്ററി അദ്ധ്യക്ഷൻ, പാപ്പായുടെ യാത്രയ്ക്ക് അൾജീരിയയിലും കാമറൂണിലും മതന്തരചർച്ചകളുമായി ബന്ധപ്പെട്ട് പ്രത്യേകമായ വിധത്തിൽ പ്രാധാന്യമുണ്ടായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. അംഗോളയിലെയും ഇക്വറ്റോറിയൽ ഗ്വിനിയിലെയും രാഷ്ട്ര, സാമൂഹിക നേതൃത്വങ്ങളും നയതന്ത്രവിഭാഗവുമായുള്ള കൂടിക്കാഴ്ചകളിൽ നടത്തിയ പ്രഭാഷണങ്ങളും ഇതേ അർത്ഥത്തിൽ പ്രധാനപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാനത്തിനായുള്ള സംവാദങ്ങൾ പ്രോത്സാഹിപ്പിക്കാനും അനുരഞ്ജനത്തിന്റെയും പരസ്പരബന്ധത്തിന്റെയും പാലങ്ങൾ പണിയാനുമുള്ള ക്ഷണം നൽകുകയെന്ന ഉദ്ദേശം അൾജീരിയയിലെത്തിയ പാപ്പായുടെ ആദ്യപ്രഭാഷണങ്ങൾ മുതൽ കാണാമായിരുന്നുവെന്ന് കർദ്ദിനാൾ കൂവക്കാട് അഭിപ്രായപ്പെട്ടു. സ്വർഗ്ഗസ്ഥനായ ഒരേ പിതാവിന്റെ മക്കളാണ് നാമെന്ന ചിന്ത, രാഷ്ട്ര, സാമൂഹ്യ നേതൃത്വത്തോടുള്ള തന്റെ പ്രഭാഷണത്തിൽ പാപ്പാ പങ്കുവച്ചതും മതാന്തരസംവാദങ്ങളുമായി ബന്ധപ്പെട്ട് വിശുദ്ധ അഗസ്റ്റിന്റെ ഉദ്ബോധനങ്ങൾ ഉദ്ധരിച്ചതും കർദ്ദിനാൾ പരാമർശിച്ചു. നീതിയും ഐക്യദാർഢ്യവും സമാധാനവും ഉറപ്പാക്കുന്നതിൽ വിശ്വാസത്തിൽ ഒരു പൊതുഇടം കണ്ടെത്താനാകുമെന്ന ചിന്തയും പരിശുദ്ധ പിതാവ് പങ്കുവച്ചിരുന്നു.
ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ആളുകളും മറ്റു ഭാഷക്കാരുമായ ആളുകളും തമ്മിലുള്ള അസ്വാരസ്യം നിലനിൽക്കുന്ന കാമറൂണിൽ, പ്രത്യയശാസ്ത്രങ്ങളുടെ തെറ്റായ സ്വാധീനമില്ലെങ്കിൽ മതങ്ങൾക്ക് സമൂഹത്തിൽ സുപ്രധാനവും വിലമതിക്കാനാകാത്തതുമായ സ്ഥാനമുണ്ടെന്ന കാര്യവും പാപ്പാ ഓർമ്മിപ്പിച്ചിരുന്നു. അക്രമത്തിന്റെയും യുദ്ധത്തിന്റെയും യുക്തി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനത്തിലേക്കും പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചിരുന്നു. സംഘർഷങ്ങൾ ഒഴിവാക്കുന്നതിൽ രാഷ്ട്ര, മത നേതൃത്വങ്ങൾ ശ്രദ്ധ കാണിക്കേണ്ടതിന്റെ ആവശ്യവും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വെറുപ്പിന്റെയും സംഘർഷങ്ങളുടെയും സാഹചര്യങ്ങളെ ഒഴിവാക്കേണ്ടതിന്റെ ആവശ്യം അംഗോളയിൽ നടത്തിയ പ്രഭാഷണങ്ങളിൽ പാപ്പാ ഉൾപ്പെടുത്തിയിരുന്നു. ഫ്രാൻസിസ് പാപ്പായുടെ ചിന്തകൾ തുടർന്നുകൊണ്ട്, സംവാദങ്ങളും സമാധാനവും സംബന്ധിച്ച സഭയുടെ പ്രബോധനശൈലിയാണ് ലിയോ പതിനാലാമൻ പാപ്പായും മുന്നോട്ടുവച്ചത്.
അവഗണനയുടെയും അസമത്വത്തിന്റെയും ചിന്തകളുള്ള ഒരു സാമ്പത്തികനയം ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ഓർമ്മിപ്പിച്ചിരുന്നുവെന്നും കർദ്ദിനാൾ കൂവക്കാട് അനുസ്മരിച്ചു.