എട്ടു പതിറ്റാണ്ടുകൾക്ക് മുൻപ് നഷ്ട്ടപെട്ടെന്ന് കരുതിയിരുന്ന യേശുക്രിസ്തുവിന്റെ തിരുക്കുരിശിന്റെ തിരുശേഷിപ്പുകൾ അർജന്റീനയിൽ നിന്ന് കണ്ടെത്തി
എട്ടു പതിറ്റാണ്ടുകൾക്ക് മുൻപ് നഷ്ട്ടപെട്ടെന്ന് കരുതിയിരുന്ന യേശുക്രിസ്തുവിന്റെ തിരുക്കുരിശിന്റെ തിരുശേഷിപ്പുകൾ അർജന്റീനയിൽ നിന്ന് കണ്ടെത്തി. 1944-ലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ തകർന്നുപോയ സാൻ ജുവാൻ കത്തീഡ്രലിൽ നിന്ന് നഷ്ട്ടപെട്ടതാണ് ഈ തിരുശേഷിപ്പെന്ന് സഭാ അധികൃതർ സ്ഥിരീകരിച്ചു. സാൻ ജുവാനിലെ 'കോളേജിയോ സാന്താ റോസ ഡി ലിമ' സ്കൂൾ ചാപ്പലിലെ സംഗീത്തിയിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് ഒരു ഫർണിച്ചറിന് പിന്നിൽ നിന്നാണ് തിരുശേഷിപ്പ് കണ്ടെത്തിയത്.
ഇതിനെക്കുറിച്ച് നടത്തിയ വിശദമായ ഗവേഷണത്തിലാണ് 1908-ൽ റോമിൽ നിന്ന് സാൻ ജുവാൻ കത്തീഡ്രലിലേക്ക് ഔദ്യോഗികമായി നൽകപ്പെട്ട തിരുശേഷിപ്പാണിതെന്ന് വ്യക്തമായത്. ക്രിസ്തീയ പാരമ്പര്യമനുസരിച്ച് എ.ഡി. 326-ൽ ഹെലൻ രാജ്ഞിയാണ് ജെറുസലേമിൽ നിന്ന് യേശുവിന്റെ തിരുക്കുരിശ് കണ്ടെത്തിയത്. ഇതിന്റെ ചെറിയ ഭാഗങ്ങൾ നൂറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംരക്ഷിക്കപ്പെട്ടു വരുന്നു.
അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ സാൻ ജുവാൻ ഭൂകമ്പത്തിൽ കത്തീഡ്രൽ തകർന്നുപോയപ്പോൾ ഈ തിരുശേഷിപ്പുകൾ നഷ്ടപ്പെട്ടതായാണ് കരുതിയിരുന്നത്. എന്നാൽ ആരോ ഇത് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്ത് സുരക്ഷിതമായി സ്കൂൾ ചാപ്പലിൽ സൂക്ഷിച്ചതാകാമെന്നും പിന്നീട് മറന്നുപോയതാകംമെന്നും കരുതപ്പെടുന്നു. നോമ്പുകാലത്ത് തന്നെ ഇത്തരമൊരു കണ്ടെത്തൽ ഉണ്ടായത് വലിയൊരു ദൈവിക അടയാളമായാണ് വിശ്വാസികൾ കാണുന്നത്.
സാൻ ജുവാൻ ആർച്ച് ബിഷപ്പ് ജോർജ്ജ് ലൊസാനോയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക കുർബാനയോടെ തിരുശേഷിപ്പുകൾ തിരികെ കത്തീഡ്രലിൽ പ്രതിഷ്ഠിച്ചു. വരാനിരിക്കുന്ന ദുഃഖവെള്ളിയാഴ്ചയിലെ 'കുരിശിന്റെ വഴി'യിൽ നഗരവീഥികളിലൂടെ ഈ തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള പ്രദക്ഷണം നടക്കുമെന്ന് ഇടവക വികാരി ഫാദർ ആൻഡ്രൂസ് റിവേറോസ് അറിയിച്ചു. ഇതിനുശേഷം കത്തീഡ്രലിലെ പ്രത്യേക സ്ഥാനത്ത് വിശ്വാസികൾക്ക് വണങ്ങാനായി ഇത് സ്ഥിരമായി പ്രതിഷ്ഠിക്കും.