ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡും ജില്ല കലക്ടറും സ്ഥലത്ത് പരിശോധന നടത്തണമെന്ന് നിര്‍ദേശം
 

 
FRESH CUT


 


 
കൊച്ചി: താമരശേരി കരിമ്പാലക്കുന്ന് അമ്പായത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന 'ഫ്രഷ് കട്ട്' കോഴി അറവ് മാലിന്യ സംസ്‌കരണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 

ഉടമകളുടെ ഹരജിയിലാണ് നടപടി. സ്ഥാപനത്തില്‍ നാളെ മലിനീകരണ നിയന്ത്രണ ബോര്‍ഡും ജില്ല കലക്ടറും പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രവര്‍ത്തനം തുടരുന്ന കാര്യത്തില്‍ സംയുക്ത പരിശോധനയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കണം.


ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് 'ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്' അടച്ചുപൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടത്. കമ്പനിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിര്‍ത്തിവെക്കാനായിരുന്നു ഉത്തരവ്.

അമ്പായത്തോട്ടിലെ സില്‍വര്‍ സാന്‍ഡ് ക്രഷറിന് സമീപം പ്രവര്‍ത്തിക്കുന്ന 'ഫ്രഷ് കട്ട്' യൂണിറ്റില്‍ നിന്നും സമീപത്തെ ജനവാസ മേഖലയിലേക്ക് വലിയ തോതില്‍ മാലിന്യം ഒഴുകിയെത്തുന്നത് നാട്ടുകാരില്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. 

ഈ വിഷയത്തില്‍ നിരവധി തവണ പൊതുജനങ്ങളില്‍ നിന്നും ബോര്‍ഡിന് പരാതികള്‍ ലഭിച്ചിരുന്നു. മുന്‍പ് സമാനമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ സ്ഥാപനത്തില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും കമ്പനി മലിനീകരണം തുടരുകയായിരുന്നു.


ജനകീയ കര്‍മസമിതിയുടെയും ഇരുതുള്ളി പുഴ പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശക്തമായ രാപ്പകല്‍ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നു വരികയായിരുന്നു.

 മലിനീകരണ പ്രശ്നം രൂക്ഷമാവുകയും ജനകീയ പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രദേശവാസികളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.

Tags

Share this story

From Around the Web