ടി.പി വധക്കേസ് പ്രതി ഷാഫിക്ക് വീണ്ടും പരോൾ അനുവദിച്ച് ഹൈക്കോടതി. കഴിഞ്ഞ ഡിസംബറിലും ഷാഫി പരോളിൽ ഇറങ്ങിയിരുന്നു

 
tpcase

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് വീണ്ടും പരോൾ അനുവദിച്ച് ഹൈക്കോടതി. 15 ദിവസത്തേക്കാണ് പ്രതിക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. ഉത്തരവിനെ തുടർന്ന് ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങി.

ഇയാളുടെ പരോൾ അപേക്ഷ ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞിനെ കാണാൻ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഡിസംബറിലും ഷാഫി പരോളിൽ ഇറങ്ങിയിരുന്നു.

ഒന്നാം പ്രതി എം.സി അനൂപിന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും 20 ദിവസത്തേക്ക് പരോൾ അനുവദിച്ചിരുന്നു. നേരത്തെ രജീഷടക്കമുള്ളവര്‍ക്ക് പരോള്‍ അനുവദിച്ചത് ചട്ടപ്രകാരമല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാൽ, ചട്ടപ്രകാരമുള്ള പരോളാണ് അനുവദിച്ചതെന്നായിരുന്നു അന്ന് ജയില്‍ അധികൃതരുടെ വാദം.

ടി.പി വധക്കേസ് പ്രതികൾക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ഹൈക്കോടതി തന്നെ ആവശ്യപ്പെട്ടിരുന്നു. ടി.പി കേസ് പ്രതികൾക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷയില്‍ കോടതി ചോദിച്ചിരുന്നു. 

ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷ ഹൈക്കോടതി നിരസിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ടി.പി കേസ് പ്രതികൾക്ക് മാത്രം നിരന്തരം പരോൾ ലഭിക്കുന്നുവെന്ന് ചോദിച്ച കോടതി ഇക്കാര്യം പരിശോധിക്കപ്പെടണമെന്നും വ്യക്തമാക്കിയിരുന്നു.

2012 മെയ് നാലിനാണ് ഇന്നോവ കാറിലെത്തിയ അക്രമിസംഘം വടകര വള്ളിക്കാട് ജങ്ഷനിൽ വച്ച് ചന്ദ്രശേഖരനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം ആവർത്തിക്കുമ്പോഴും, ടി.പിയുടെ ഭാര്യ കെ.കെ രമ യുഡിഎഫ് പിന്തുണയോടെ ആർഎംപി സ്ഥാനാർത്ഥിയായി വടകരയിൽ നിന്ന് മത്സരിച്ചു ജയിച്ചത് സിപിഎമ്മിനും അക്രമരാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്തായാണ് രാഷ്ട്രീയ കേരളം നോക്കിക്കണ്ടത്.

Tags

Share this story

From Around the Web