ചൂട് കടുക്കുന്നു; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് വേനല്‍ച്ചൂട് കഠിനമാകുന്ന സാഹചര്യത്തില്‍, തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ളവര്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ സൂര്യതാപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അതോറിറ്റി അറിയിച്ചു.
പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും പൊതുയോഗങ്ങളും റാലികളും വൈകുന്നേരം 4 മണിക്ക് ശേഷം സംഘടിപ്പിക്കുന്നതാണ് ഉചിതമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് ശീലമാക്കണം. യാത്രകളില്‍ എപ്പോഴും ഒരു കുപ്പി വെള്ളം കരുതുന്നതോടൊപ്പം ലവണാംശം നിലനിര്‍ത്താന്‍ ഒ.ആര്‍.എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം എന്നിവ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം.
കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിനൊപ്പം കുട, തൊപ്പി, പാദരക്ഷകള്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. പകല്‍ സമയത്തെ യോഗങ്ങളില്‍ ആവശ്യമായ തണലും കുടിവെള്ളവും ഉറപ്പാക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കണം. ജനക്കൂട്ടം അധികമുള്ള പരിപാടികളില്‍ പ്രഥമ ശുശ്രൂഷാ സൗകര്യങ്ങളും ആംബുലന്‍സും സജ്ജമാക്കേണ്ടതാണ്. മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് ചൂട് മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലായതിനാല്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം.
വേനല്‍മഴയ്‌ക്കൊപ്പം ഉണ്ടാകുന്ന ഇടിമിന്നല്‍ സമയത്ത് തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കി സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. അമിതമായ ക്ഷീണം, തലകറക്കം, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തണലത്തേക്ക് മാറി വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം.
അടിയന്തര സാഹചര്യങ്ങളില്‍ 108 (ആംബുലന്‍സ്), 1077 (ജില്ലാ എമര്‍ജന്‍സി സെന്റര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.