സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നം; ക്രൂ-11 ദൗത്യം പാതിവഴിയില്‍ നിര്‍ത്തി നാസ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ക്രൂ-11 ദൗത്യസംഘം നിശ്ചയിച്ചതിലും നേരത്തെ ഭൂമിയിലേക്ക് മടങ്ങുന്നു. അമേരിക്കന്‍ സമയം ജനുവരി 14 വൈകുന്നേരം 5 മണിക്ക് (ഇന്ത്യന്‍ സമയം ജനുവരി 15 പുലര്‍ച്ചെ 3:30) സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം നിലയത്തില്‍ നിന്ന് അണ്‍ഡോക്കിംഗ് നടത്തും.
ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന നാലംഗ സംഘത്തിന് വികാരനിര്‍ഭരമായ യാത്രയയപ്പാണ് നിലയത്തില്‍ നല്‍കിയത്. മടക്കയാത്രയ്ക്ക് മുന്നോടിയായി നാസ കമാന്‍ഡര്‍ മൈക്ക് ഫിന്‍ക് നിലയത്തിന്റെ ചുമതല റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസിന്റെ സെര്‍ഗെ കുഡ്-സ്വേര്‍ചോവിന് കൈമാറി.
നാസയുടെ ഒരു ബഹിരാകാശ സഞ്ചാരിക്കുണ്ടായ ആരോഗ്യപ്രശ്‌നമാണ് പെട്ടെന്നുള്ള ഈ മടക്കയാത്രയ്ക്ക് കാരണമായത്. ഇതാദ്യമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തില്‍ ഒരു സഞ്ചാരിയുടെ ശാരീരിക അസ്വസ്ഥത മൂലം ഒരു ദൗത്യം വെട്ടിച്ചുരുക്കുന്നത്.
പേടകത്തിലെ സഞ്ചാരിയുടെ സ്വകാര്യതയും സുരക്ഷയും മുന്‍നിര്‍ത്തി, എന്താണ് ആരോഗ്യപ്രശ്‌നമെന്നോ ഏത് സഞ്ചാരിക്കാണ് അസ്വസ്ഥത ഉണ്ടായതെന്നോ ഉള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നാസ ഇതുവരെ തയ്യാറായിട്ടില്ല. കാലിഫോര്‍ണിയ തീരത്തിനടുത്ത് ശാന്തസമുദ്രത്തിലാണ് പേടകം ഇറങ്ങുക.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒരു സഞ്ചാരിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് നാസ സൂചിപ്പിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ജനുവരി എട്ടിന് സെന കാര്‍ഡ്മാനും മൈക്ക് ഫിന്‍കെയും ചേര്‍ന്ന് നടത്താനിരുന്ന ബഹിരാകാശ നടത്തം (ടുമരലംമഹസ) അവസാന നിമിഷം റദ്ദാക്കിയിരുന്നു.
നിലയത്തിന്റെ പവര്‍ സിസ്റ്റത്തിലെ അറ്റകുറ്റപ്പണികള്‍ക്കായിരുന്നു ഈ സ്‌പേസ് വാക്ക് നിശ്ചയിച്ചിരുന്നത്. സെനയ്‌ക്കോ മൈക്കിനോ ആണ് പ്രശ്‌നമെന്ന് നാസ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സുരക്ഷാ കാരണങ്ങളാല്‍ ദൗത്യം പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ ഏജന്‍സി തീരുമാനിക്കുകയായിരുന്നു.
നിശ്ചയിച്ച സമയക്രമം അനുസരിച്ച് ജനുവരി 15ന് പുലര്‍ച്ചെയോടെ ഡ്രാഗണ്‍ പേടകം ഭൂമിയില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്യും. അടിയന്തരമായി മടങ്ങേണ്ടി വന്നതിനാല്‍ വലിയ തയ്യാറെടുപ്പുകളോടെയാണ് നാസയുടെയും സ്‌പേസ് എക്‌സിന്റെയും ഗ്രൗണ്ട് ടീം ഈ ലാന്‍ഡിംഗിനെ നോക്കിക്കാണുന്നത്.
ദൗത്യം നേരത്തെ അവസാനിപ്പിക്കുന്നത് പരീക്ഷണങ്ങളെ ബാധിക്കുമെങ്കിലും സഞ്ചാരിയുടെ ജീവനും സുരക്ഷയ്ക്കുമാണ് മുന്‍ഗണനയെന്ന് ബഹിരാകാശ ഏജന്‍സി വ്യക്തമാക്കി.