താമരശ്ശേരിയില്‍ 9 വയസുകാരി പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പനി സര്‍വേ ആരംഭിച്ചു

കോഴിക്കോട് : താമരശ്ശേരിയില്‍ 9 വയസുകാരി പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പനി സര്‍വേ ആരംഭിച്ചു. പനി ലക്ഷണങ്ങളുള്ള 4 കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൂടാതെ കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസുകാരിയുടെ മരണത്തില്‍ താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി അനയ വ്യാഴാഴ്ച വൈകീട്ടാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഉച്ചകഴിഞ്ഞ് ഛര്‍ദ്ദിയും പനിയും മൂര്‍ച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല.
പനി ബാധിച്ച ഉടന്‍ കുട്ടിയുടെ മരണം സംഭവിച്ചതിനാല്‍ പ്രദേശത്തെ വീടുകളില്‍ ആരോഗ്യവകുപ്പ് പനി സര്‍വേ നടത്തി. മരിച്ച കുട്ടിയുടെ രണ്ട് സഹോദരങ്ങള്‍, രണ്ട് സഹപാഠികള്‍ എന്നിവരെ പനിയുള്ളതിനാല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ മരണത്തില്‍ താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.