തൊപ്പി മുങ്ങി? ജില്ല വിട്ടെന്ന് സംശയം, സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ പൊലീസ്

 
THOPPI

കൊച്ചി: അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദിനെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്. കേസിൽ പ്രതിയായതോടെ ഇയാൾ എറണാകുളം ജില്ല വിട്ടുപോയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ കണ്ടെത്താനായി തൊപ്പിയുടെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ പൊലീസ് നീക്കം തുടങ്ങി.

പൊലീസ് അന്വേഷണത്തോട് തൊപ്പിയുടെ സുഹൃത്തുക്കൾ സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവർ കൃത്യമായ മറുപടി നൽകാൻ തയ്യാറാകാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ട് എറണാകുളം റൂറൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ചെയ്തത് ഗൗരവ സ്വഭാവമുള്ള കുറ്റമാണെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നുമാണ് പൊലീസിന്റെ നിലപാട്.

പൊലീസിന്റെ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ യൂട്യൂബ് ചാനൽ അധികൃതർ നീക്കം ചെയ്തത്. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ച് എറണാകുളം റൂറൽ സൈബർ പൊലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്.

സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതാണ് കേസിലേക്ക് നയിച്ചത്. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെ പ്രായപൂർത്തിയാകാത്തവർക്കിടയിൽ പോലും വലിയ സ്വാധീനം നേടിയെടുക്കാൻ തൊപ്പിക്കും സംഘത്തിനും സാധിച്ചിരുന്നു. തുടക്കം മുതൽ തന്നെ ഇവർ ഉപയോഗിക്കുന്ന അശ്ലീല ഭാഷയും പ്രകോപനപരമായ പെരുമാറ്റവും രൂക്ഷവിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

വരുമാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളും പരസ്യമായ പോരുമാണ് ഒടുവിൽ ചാനൽ നീക്കം ചെയ്യുന്നതിലേക്കും പൊലീസ് കേസിലേക്കും കാര്യങ്ങൾ എത്തിച്ചത്.

Tags

Share this story

From Around the Web