അഞ്ചേകാല്‍ നൂറ്റാണ്ടിന്റെ പപ്പാഞ്ഞി മാഹാത്മ്യം

 

 
papanjiii


ഫാ. ജോഷി മയ്യാറ്റില്‍

കേരളത്തിന്റെ തലസ്ഥാനം ഫോര്‍ട്ടുകൊച്ചിയായി മാറുന്ന ദിനങ്ങളാണിത്. വര്‍ഷാന്ത്യവാര ദിനങ്ങളില്‍ കേരളത്തിന്റെ ശ്രദ്ധമുഴുവന്‍ കൊച്ചിയിലായിരിക്കും. 

കാര്‍ണിവലിനോടനുബന്ധിച്ചു നടക്കുന്ന, ഒരാഴ്ച നീളുന്ന, നാടെങ്ങുമുള്ള അലങ്കാരങ്ങളും വിവിധ കലാ-കായിക പരിപാടികളും പപ്പാഞ്ഞി കത്തിക്കല്‍ മഹാമഹവും വന്‍ജനാവലിയും തന്നെ അതിനു കാരണം. 

എന്നാല്‍ പതിവില്ലാത്ത വിധം, കഴിഞ്ഞ മൂന്നാഴ്ചയായി ഫോര്‍ട്ടുകൊച്ചിയുടെ സായാഹ്നങ്ങള്‍, ദിനങ്ങള്‍ പോലും, ഉത്സവമേളത്തിലാണ്, ജനനിബിഡമാണ്. കാരണങ്ങള്‍ രണ്ടാണ് - ഒന്ന്, ക്രിസ്മസ്സ് വിളംബര റാലികള്‍ കൊണ്ടും സാന്റാ ഇവന്റുകള്‍ കൊണ്ടും അലങ്കാരങ്ങള്‍ കൊണ്ടും കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും തെരുവീഥികളും മൈതാനങ്ങളും നാട്ടുകാര്‍ നിറച്ചുകഴിഞ്ഞു.

 രണ്ട്, കൊച്ചി മെത്രാസന മന്ദിരത്തില്‍ ഒരുക്കിയിരിക്കുന്ന ഭീമന്‍ നക്ഷത്രവിളക്കും ദീപാലങ്കാരങ്ങളും ഇക്കുറി അനേകരെ കുടുംബസമേതമുള്ള സായാഹ്നസഞ്ചാരങ്ങള്‍ക്കു പ്രചോദിപ്പിച്ചു. അങ്ങനെ ഫോര്‍ട്ടുകൊച്ചി ഇക്കുറി പുതുവര്‍ഷത്തെ വരവേല്ക്കാന്‍ നേരത്തേതന്നെ അണിഞ്ഞൊരുങ്ങി. അതിന് ഒരു പ്രത്യേക കാരണമുണ്ട് - ആരും തന്നെ തിരിച്ചറിഞ്ഞിട്ടില്ലാത്ത കാരണം!

കാര്‍ണിവലിന് ഇത് ജൂബിലി വര്‍ഷം!

1984-ലാണ് കൊച്ചിന്‍ കാര്‍ണിവല്‍ ഔദ്യോഗികമായി ആരംഭിച്ചത്. എന്നാല്‍, 1500 ഡിസംബര്‍ 24ന് ഫോര്‍ട്ടുകൊച്ചി തീരത്ത് പെദ്രോ അല്‍വാരെസ് കബ്രാളിന്റെ നേതൃത്വത്തില്‍ വന്നിറങ്ങിയ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിമാരില്‍ നിന്നാണ് കൊച്ചിയിലെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ തുടക്കം. അതിന്റെയര്‍ത്ഥം, സാക്ഷാല്‍ കൊച്ചിന്‍ കാര്‍ണിവലിന് 525 വയസ്സായി എന്നു കൂടിയാണ്.

പപ്പാഞ്ഞി കത്തിക്കലും കാര്‍ണിവല്‍ പരിപാടികളുമാണ് ഫോര്‍ട്ടുകൊച്ചിയുടെ ആകര്‍ഷണം. അവ രണ്ടും പോര്‍ച്ചുഗീസു പാരമ്പര്യത്തിലാണ് വേരൂന്നിയിരിക്കുന്നത്. കൃത്യമായി അതു മനസ്സിലാക്കണമെങ്കില്‍, ഇന്ത്യയില്‍ സമാനമായ ആചാരങ്ങള്‍ മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചാല്‍ മതി. 

ഗോവയിലാണ് പരമ്പരാഗതമായി 'burning the old man' ആചാരം ഉള്ളത്! കാരണം മറ്റൊന്നുമല്ല, ഈ രണ്ടിടങ്ങളിലാണ് പോര്‍ച്ചുഗീസ് സാന്നിധ്യവും ഭരണവും ഉണ്ടായിരുന്നത്. 

വര്‍ഷാന്ത്യത്തെ കുറിക്കുന്ന ഒരു ചടങ്ങ് എന്ന ഒഴുക്കന്‍ ധാരണയാണ് 'പപ്പാഞ്ഞി കത്തിക്കലി'നെ കുറിച്ച് പലര്‍ക്കും ഉള്ളത്. എന്നാല്‍, 'നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍' (എഫേ 4,22) എന്ന ബൈബിള്‍ ആഹ്വാനമാണ് ഇത്രയ്ക്കു ജനകീയമായ 'പപ്പാഞ്ഞി കത്തിക്കല്‍' ചടങ്ങിനു പിന്നിലുള്ളത് എന്നതാണ് യഥാര്‍ത്ഥ്യം. അര്‍ത്ഥസമ്പുഷ്ടമാണ്, ചിന്തോദ്ദീപകമാണ് ഈ രാത്രിയിലെ പപ്പാഞ്ഞി കത്തിക്കല്‍!

ഞങ്ങളുടെ ചെറുപ്പകാലത്ത് ഡിസംബര്‍ 31ന് വലിയ പപ്പാഞ്ഞിയെയും കൊണ്ട് പകല്‍മുഴുവന്‍ വാദ്യഘോഷങ്ങളോടെ നാടു മുഴുവന്‍ ചുറ്റി, രാത്രിയാകുമ്പോള്‍ അതിനു മുന്നില്‍ നൃത്തം ചെയ്ത്, കപ്പലുകളില്‍ സൈറണും പള്ളികളില്‍ മണികളും മുഴങ്ങുമ്പോള്‍ പപ്പാഞ്ഞിയെ കത്തിച്ച്, പുതുവര്‍ഷാനന്ദത്തോടെ തിരികെ വീട്ടിലെത്തുമ്പോള്‍ മറ്റൊരു കാര്യം കൂടി ചെയ്യാറുണ്ട് - നേരത്തേ തന്നെ ഒരുക്കിവച്ചിരിക്കുന്ന കുഞ്ഞു പപ്പാഞ്ഞിയെ ഏവരും കാണ്‍കെ പുറത്തെടുത്തു വയ്ക്കും.


 ഇതിന്റെ അര്‍ത്ഥം, വെറുതെ പുതുവര്‍ഷം പിറന്നു എന്നതല്ല; മറിച്ച് പുതുമനുഷ്യന്‍ പിറന്നു എന്നാണ്! 'യഥാര്‍ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍' (എഫേ 4,24) എന്ന തിരുവചനത്തിന്റെ അനുസ്മരണം ആണത്.

സ്വാര്‍ത്ഥതയോടും ആസക്തികളോടും വിദ്വേഷ-വൈരാഗ്യങ്ങളോടും വിടപറയാനുള്ള സമയമാണ് പുതുവര്‍ഷപ്പിറവി. 


കൂടുതല്‍ സ്‌നേഹത്തോടും കൂടുതല്‍ കരുതലോടും കൂടുതല്‍ ക്ഷമയോടും കൂടുതല്‍ ഉത്തരവാദിത്വബോധത്തോടും കൂടെ ജീവിക്കാനുള്ള തീരുമാനത്തിന്റെ പ്രകടനമാണ് കാര്‍ണിവല്‍.

 'കാര്‍ണെ വാലെ' എന്ന ലത്തീന്‍ പദത്തിന്റെ അര്‍ത്ഥം, 'മാംസമേ, വിട' എന്നാണ് എന്നോര്‍ക്കുക. അര്‍ത്ഥസമ്പുഷ്ടമാണ്, ചിന്തോദ്ദീപകമാണ് നാളത്തെ കാര്‍ണിവല്‍!

കബ്രാളിനും പിന്നിലെ ചരിത്രം

'സില്‍വസ്റ്റര്‍ രാത്രി' എന്നാണ് ലോകമാസകലം ഈ രാത്രി അറിയപ്പെട്ടിരുന്നത്. അതിനു കാരണമുണ്ട്. കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയെ ക്രിസ്തുവിശ്വാസ ബോധ്യങ്ങളിലേക്കു നയിച്ച സില്‍വസ്റ്റര്‍ ഒന്നാമന്‍ പാപ്പയുടെ ഓര്‍മ്മദിനവും കൂടിയാണ് ഡിസംബര്‍ 31. 


ക്രിസ്തുവിശ്വാസദീപ്തിയാല്‍ സാമ്രാജ്യം പ്രകാശമാനമായതിന്റെ ഓര്‍മ പുതുക്കലായാണ് ആരംഭത്തില്‍ ഈ രാത്രിയും പ്രകാശമാനമാകാന്‍ തുടങ്ങിയത്. 


ദീപാലങ്കാരങ്ങള്‍ക്കു പുറമേ വെടിക്കെട്ടുകളും പൂത്തിരികളുമെല്ലാം ഈ രാത്രിയെ ദീപ്തമാക്കുമ്പോള്‍ സില്‍വസ്റ്റര്‍ പാപ്പയെയും ഫോര്‍ട്ടുകൊച്ചിക്കാര്‍ നന്ദിയോടെ അനുസ്മരിക്കേണ്ടതുണ്ട്...

Tags

Share this story

From Around the Web