‘ജീവിതത്തിലെ ഏറ്റവും മഹത്തായ ദിനം’: വത്തിക്കാനിലെത്തി ലെയോ പാപ്പയെ കണ്ട ലോകപ്രശസ്ത നർത്തകന്റെ വാക്കുകൾ

 
Pope

ഐറിഷ് നൃത്തത്തിലൂടെ ലോകപ്രശസ്തി നേടിയ മൈക്കൽ ഫ്ലാറ്റ്‌ലി ഏപ്രിൽ 29-ന് വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ചു. 

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ച ഫ്ലാറ്റ്‌ലി, തന്റെ നൃത്തസിദ്ധിയും വിജയങ്ങളും ദൈവത്തിന്റെ ദാനമാണെന്ന് സാക്ഷ്യപ്പെടുത്തി. 

സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന പൊതുസദസ്സിന് ശേഷം ഭാര്യയോടും മകനോടുമൊപ്പമാണ് അദ്ദേഹം മാർപാപ്പയെ കണ്ടത്.

ചിക്കാഗോയിലെ ഒരു ഐറിഷ് കത്തോലിക്കാ കുടുംബത്തിൽ വളർന്ന ഫ്ലാറ്റ്‌ലിയും ചിക്കാഗോ വേരുകളുള്ള മാർപാപ്പയും തമ്മിലുള്ള സംഭാഷണം തികച്ചും ഊഷ്മളമായിരുന്നു. താൻ വളർന്ന സാഹചര്യങ്ങളെക്കുറിച്ചും കഠിനാധ്വാനികളായ മാതാപിതാക്കൾ പകർന്നുനൽകിയ വിശ്വാസത്തെക്കുറിച്ചും അദ്ദേഹം പാപ്പയോട് സംസാരിച്ചു. ഒരു നിർമ്മാണത്തൊഴിലാളിയിൽ നിന്ന് ലോകത്തിലെ ഏറ്റവും പ്രശസ്തനായ നർത്തകനായി മാറിയ തന്റെ യാത്രയിൽ ദൈവകൃപയുടെ വലിയ പങ്കുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു.


“യേശുക്രിസ്തു എനിക്ക് ലോകം ചുറ്റാനും മഹാരഥന്മാരെ കാണാനും നിരവധി അവസരങ്ങൾ നൽകി, എന്നാൽ എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ദിവസം പരിശുദ്ധ പിതാവിനെ കണ്ടുമുട്ടിയ ഈ ദിനമാണ്,” ഫ്ലാറ്റ്‌ലി വികാരാധീനനായി പറഞ്ഞു. സമാധാനത്തിനായി മാർപാപ്പ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ഐറിഷ് ജനതയ്ക്ക് വേണ്ടി മാർപാപ്പയെ അയർലണ്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.

അടുത്തിടെ നേരിട്ട ക്യാൻസർ രോഗത്തെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചും ഫ്ലാറ്റ്‌ലി മനസ്സുതുറന്നു. കഠിനമായ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിന് മുൻപ് നഴ്‌സുമാരോടൊപ്പം പ്രാർഥിച്ച നിമിഷങ്ങൾ അദ്ദേഹം ഓർത്തെടുത്തു. ജീവിതത്തിൽ എല്ലാ കാര്യങ്ങളും കർത്താവിനാണ് സമർപ്പിച്ചിരിക്കുന്നതെന്നും തന്റെ വിശ്വാസമാണ് പ്രതിസന്ധികളിൽ കരുത്ത് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കലാകാരന്മാരാകാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഒരു വലിയ സന്ദേശം നൽകിക്കൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. “നിങ്ങളുടെ ഹൃദയത്തിലുള്ള സ്വപ്നങ്ങൾ ദൈവം അവിടെ നിക്ഷേപിച്ചതാണ്. 

കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെങ്കിൽ ലോകത്ത് ഒന്നും അസാധ്യമല്ല,” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തനിക്ക് ലഭിച്ച ജപമാലകൾ മാർപാപ്പ അനുഗ്രഹിച്ചു നൽകിയത് ഒരു വലിയ നിധിയായി സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web