ഗവര്‍ണറുടെ ആഹ്വാനം സര്‍വകലാശാല സമൂഹം തള്ളിക്കളഞ്ഞു; ഛിദ്രവാസനകളെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടതെന്നും മന്ത്രി ആര്‍ ബിന്ദു

 
BINDHU


തിരുവനന്തപുരം:രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്ന ഗവര്‍ണറുടെ വാക്ക് സര്‍വകലാശാല സമൂഹം തള്ളിക്കളഞ്ഞെന്ന് മന്ത്രി ആര്‍ ബിന്ദു. 


സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നാല് വര്‍ഷത്തിനിടെ 6,000 കോടിയുടെ പ്രവര്‍ത്തനം നടപ്പാക്കി. 


മുന്നേറ്റം ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങളില്‍ അതിനെ പിന്നോട്ടടിക്കാനും അശാന്തി പടര്‍ത്താനുമുള്ള ശ്രമം അക്കാദമിക് സമൂഹം തള്ളിക്കളഞ്ഞു. ഛിദ്രവാസനകളെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടതെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികളുടെയും സംസ്ഥാനത്തിന്റെയും താത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണം. വി സിമാര്‍ക്ക് ഇതില്‍ വലിയ സ്ഥാനമുണ്ട്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വടംവലി മത്സരമില്ല. 


മത്സരാധിഷ്ഠിത സമീപനം അല്ല നമുക്ക് വേണ്ടത്. ഏകീകൃത അക്കാദമിക് കലണ്ടര്‍ തയാറാക്കി പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. സര്‍വകലാശാലകളുടെ മുന്നേറ്റത്തെ തട്ടിമറിക്കാന്‍ ആരും ശ്രമിക്കരുതെന്നും അവര്‍ പറഞ്ഞു.

നാണക്കേട് അനുഭവിക്കേണ്ട സ്ഥിതിയാണെന്ന് തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട് സംബന്ധിച്ച് മന്ത്രി പറഞ്ഞു. ബി ജെ പി വന്‍തോതില്‍ കള്ളവോട്ട് ചേര്‍ത്തു. ഇത് അപലപനീയമാണ്. 


കോര്‍പ്പറേഷനിലെ വനിതാ കൗണ്‍സിലറുടെ വീട്ടില്‍ കാസര്‍ഗോഡ് നിന്നും മലപ്പുറത്ത് നിന്നുമുള്ള സംഘപരിവാര്‍ നേതാക്കളുടെ വോട്ട് ചേര്‍ത്തിട്ടുണ്ട്. മതരാഷ്ട്ര നിര്‍മിതിക്ക് വേണ്ടി ഏതറ്റം വരെ പോകാനും സംഘപരിവാര്‍ ശക്തികള്‍ക്ക് മടിയില്ലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Tags

Share this story

From Around the Web