തുടർച്ചയായ തിരിച്ചടികൾക്കിടയിൽ വീണ്ടും വിവാദത്തിൽ സർക്കാരിന്റെ മദ്യനയം; ബജറ്റ് പ്രഖ്യാപനത്തിൽ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി സതീശൻ?
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻെറ നികുതി കുറച്ചത് വലിയ രാഷ്ട്രീയ വിവാദമായി പരിണമിച്ച സാഹചര്യത്തിൽ ബജറ്റ് ചർച്ചക്ക് മറുപടി പറയുന്ന മുഖ്യമന്ത്രി എന്ത് നിലപാട് എടുക്കുമെന്നതിൽ ആകാംക്ഷയേറുന്നു.കോൺഗ്രസിൽ നിന്നും യു ഡി എഫിൽ നിന്നും എതിർപ്പ് ശക്തമായതോടെ വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ചതിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഒറ്റപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ബജറ്റ് പ്രഖ്യാപനത്തിൽ നിന്ന് മുഖ്യമന്ത്രി പിന്നോട്ട് പോകുമോ അതോ പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുമോ എന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ആകാംക്ഷ വർദ്ധിക്കാൻ കാരണം.
വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻെറ സഹോദരി ഭർത്താവ് ബെന്നി ജോസഫിനെ പഴ്സണൽസ്റ്റാഫിൽ നിയമിച്ചതും ശബരിമല സ്വർണക്കൊളള കേസിലെ പ്രതികളുടെ വക്കീലിനെ ഗവൺമെൻറ് പ്ലീഡറായി നിയമിച്ച തീരുമാനവും വിവാദമായപ്പോൾ മുഖ്യമന്ത്രി തിരുത്തിയിരുന്നു.തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ മടിയില്ലെന്ന് പറയാറുളള വി.ഡി.സതീശൻ വീര്യം കുറഞ്ഞ മദ്യത്തിൻെറ നികുതി കുറച്ചതിലും തിരുത്തലിന് തയാറാകുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.ബജറ്റ് പ്രഖ്യാപനം വിവാദമായ പശ്ചാത്തലത്തിൽ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുന്നതാണ് ശരിയെന്ന് അഭിപ്രായമുളളവർ കോൺഗ്രസ് നേതൃത്വത്തിലും മന്ത്രിസഭയിലും ഉണ്ട്.
അവതരിപ്പിച്ച ആദ്യ ബജറ്റിലെ പ്രഖ്യാപനത്തിൽ തന്നെ അഴിമതി ആരോപണം ഉയർന്നത് മുഖ്യമന്ത്രിയുടെ പ്രതിഛായയെ സാരമായി ബാധിക്കുന്നതാണ്.ബജറ്റിനെ ചുറ്റിപ്പറ്റി ഉയർന്ന അഴിമതി ആക്ഷേപത്തിൻെറ പുകമറ നീക്കാൻ മുൻകൈയ്യെടുത്തില്ലെങ്കിൽ സർക്കാരിൻെറ മൊത്തം പ്രതിഛായ തന്നെ മോശമാകുമെന്നാണ് കോൺഗ്രസിനുളളിൽ ഉയരുന്ന അഭിപ്രായം.വി.എം.സുധീരൻ പരസ്യമായും മറ്റ് നേതാക്കൾ രഹസ്യമായും ഈ നിലപാട് പറയുന്നുണ്ട്.കോൺഗ്രസിൽ മാത്രമല്ല,
മുന്നണിയിലും പുറത്തും ബജറ്റിലെ മദ്യത്തിൻെറ നികുതി പരിഷ്കാരം എതിർപ്പിനും വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.നികുതി കുറച്ചതിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും രംഗത്തെത്തിയിട്ടുണ്ട്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിനകത്ത് നടന്ന മത്സരത്തിൽ വി.ഡി.സതീശന് അനുകൂല നിലപാട് എടുത്തവരാണ് സുധീരനും മുസ്ളീം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളും.മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ പിന്തുണച്ച ജമാ അത്തെ ഇസ്ളാമിയും എതിർപ്പറിയിച്ചിട്ടുണ്ട്.
പിന്തുണച്ചവരും മന്ത്രി സഭയിലെ അംഗങ്ങളും പാർട്ടി നേതാക്കളും എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്ന വിഷയത്തിൽ തിരുത്തലിന് മുഖ്യമന്ത്രി തയാറാകുമോ എന്നതാണ് ചോദ്യം.തിരുത്തൽ ഉണ്ടായില്ലെങ്കിൽ അത് സർക്കാരിനെ ചുറ്റിപ്പറ്റി ഉയരുന്ന എതിർപ്പുകളെ രൂക്ഷമാക്കും.വ്യക്തിപരമായ ഈഗോ മാറ്റിവെച്ച് സർക്കാരിനും മുന്നണിക്കും ഗുണകരമാകുന്ന തീരുമാനത്തിലേക്ക് വരണമെന്നാണ് പൊതുവിൽ ഉയരുന്ന ആവശ്യം.
വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ചതിലൂടെ കേരളീയ സമൂഹത്തിൽ മദ്യ ഉപഭോഗത്തിൻ്റെ സാധ്യത വർധിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി.മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. മദ്യ ഉപഭോഗം കുറക്കുമെന്ന യു.ഡി.എഫ് നയത്തിന് വിരുദ്ധമായ നിലപാടാണ് സർക്കാർ ഇതിലൂടെ കൈ കൊണ്ടിട്ടുള്ളത്. വീര്യം കുറഞ്ഞ മദ്യം സുലഭമാകുന്നതിലൂടെ ലഹരിയുടെ പുതിയ ലോകത്തേക്ക് വാതിൽ തുറക്കുകയാണ് സർക്കാർ ചെയ്യുന്നത്. ബജറ്റിലെ ഈ നിർദേശം ലഹരിക്കെതിരെ സർക്കാർ തന്നെ നടത്തുന്ന പോരാട്ടത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക എന്നും അതിനാൽ ഈ തീരുമാനത്തിൽ നിന്നും സർക്കാർ പൂർണമായും പിൻവാങ്ങണമെന്നും അമീർ ആവശ്യപ്പെട്ടു.