കേന്ദ്രത്തെ വിമർശിക്കാൻ സർക്കാരിന് മടി; രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം
കോഴിക്കോട്: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇകെ സമസ്ത മുഖപത്രം സുപ്രഭാതം. കേന്ദ്രത്തെ വിമർശിക്കാൻ സർക്കാരിന് മടിയാണെന്നും നയപ്രഖ്യാപനത്തിലും ധവള പത്രത്തിലും കേന്ദ്രത്തെ വിമർശിക്കാതിരിക്കാൻ ജാഗ്രത കാട്ടിയെന്നും മുഖപ്രസംഗത്തിൽ വിമര്‍ശിക്കുന്നു.
കേരളത്തിന് അർഹമായത് ഒന്നും കേന്ദ്രം തരുന്നില്ല. ആ നിലപാട് തുടരുമ്പോൾ വിമർശിക്കാൻ എന്തിനു മടിക്കണം.കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ഒരു വരി പോലും പറയുന്നില്ല. ഗവർണറുടെ അമിതാധികാരം എന്തുകൊണ്ട് എതിർക്കുന്നില്ല. സർക്കാരിന്‍റെ നിലപാട് ജനവിശ്വാസത്തെ തോൽപ്പിക്കുന്നതാണ്. പിഎം ശ്രീയിൽ നിലപാടില്ല. പദ്ധതി റദ്ദാക്കുമെന്ന് പറഞ്ഞവർ ഒളിച്ചു കളിക്കുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്ത പല പദ്ധതികളും നടപ്പാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലും പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും നിലവിൽവന്ന സർക്കാരുകളോട് പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കുന്നതിന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാന ഭരണതലത്തിലെ അവ്യക്തതയാണ് സംശയങ്ങൾ ഇരട്ടിപ്പിച്ചത്. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടതും നിയമപരമായി അവകാശപ്പെട്ടതുമായ കേന്ദ്രവിഹിതം നൽകണമെങ്കിൽ പിഎം ശ്രീ നടപ്പാക്കണമെന്ന തിട്ടൂരമാണ് ബിജെപി സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാനവിഹിതം തടയാൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് തമിഴ്‌നാട് കേസിൽ സുപ്രിംകോടതി വ്യക്തമാക്കിയതിനുശേഷവും കേന്ദ്രം സമ്മർദതന്ത്രം പയറ്റുകയാണ്.