ചൈനയിലെ ഭൂഗര്‍ഭ സഭകളിലൊന്നായ ജിന്‍ മിംഗ്രിയിലെ 30 ക്രൈസ്തവ നേതാക്കളെ മോചിപ്പിക്കുവാന്‍ ഇടപെടലുമായി അമേരിക്ക

 
 jesus christ-63


ബെയ്ജിംഗ്: ചൈനയിലെ ഭൂഗര്‍ഭ സഭകളിലൊന്നായ ജിന്‍ മിംഗ്രിയിലെ 30 ക്രൈസ്തവ നേതാക്കളെ മോചിപ്പിക്കുവാന്‍ ഇടപെടലുമായി അമേരിക്ക. വിവിധ നഗരങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്ഡുകളില്‍ ഇവരെ അറസ്റ്റ് ചെയ്തതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.


 10 ഉദ്യോഗസ്ഥര്‍ വീട്ടില്‍ പരിശോധന നടത്തി ശനിയാഴ്ച പുലര്‍ച്ചെയോടെ അകാരണമായി അറസ്റ്റ് ചെയ്തതായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ചൈന എയ്ഡ് വെളിപ്പെടുത്തി. 

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ദൈവവിശ്വാസത്തെ കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്യുന്ന നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്നു വിലയിരുത്തുന്നു.

സര്‍ക്കാര്‍ അംഗീകൃത പള്ളികളില്‍ മാത്രം ചേരാനും പാര്‍ട്ടിയില്‍ അംഗമാകാനും രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ വളരെക്കാലമായി സമ്മര്‍ദ്ധം ചെലുത്തുന്നുണ്ട്. നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്ന തടവുകാരുടെ മേല്‍ എന്തെങ്കിലും കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. 

ഇത്തരത്തിലുള്ള ആസൂത്രിത പീഡനം സഭയെ അപമാനിക്കുന്നത് മാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തോടുള്ള പൊതു വെല്ലുവിളി കൂടിയാണെന്നു സിയോണ്‍ ചര്‍ച്ച് വ്യക്തമാക്കി. ഇന്നലെ ഞായറാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ചൈനയോട് സഭാ നേതാക്കളെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

വിശ്വാസത്തില്‍ പാര്‍ട്ടി ഇടപെടല്‍ നടത്തുന്നത് അപലനീയമാണെന്നും ക്രിസ്ത്യാനികളോട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെ ശത്രുത പുലര്‍ത്തുന്നുവെന്നു ഇത് തെളിയിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ചൂണ്ടിക്കാട്ടി. 

2013 മുതല്‍ കമ്മ്യൂണിസ്റ്റ് നിരീശ്വര അജണ്ടയുടെ ഭാഗമായി ദേവാലയങ്ങളിലെ കുരിശു നീക്കം ചെയ്യുന്നത് ഏറെ വിവാദമായിരിന്നു. 2018-ല്‍ വലിയ തോതിലുള്ള കുരിശ് തകര്‍ക്കലിനാണ് ഹെനാന്‍ പ്രവിശ്യയിലെ ക്രിസ്ത്യാനികള്‍ സാക്ഷ്യം വഹിച്ചത്.

 പ്രവിശ്യയിലെ ദേവാലയങ്ങളിലെ ബൈബിളുകള്‍ കത്തിച്ചതിന്റെയും വിശുദ്ധ രൂപങ്ങള്‍ നീക്കം ചെയ്തതിന്റെയും ചിത്രങ്ങള്‍ സഹിതം വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു.

Tags

Share this story

From Around the Web