സ്‌നേഹത്തിന്റെ ഓര്‍മ്മകള്‍ അവശേഷിപ്പിച്ച് കടന്നുപോയ ജര്‍മ്മന്‍ മിഷനറി

 
father bernard


ഇന്തോനേഷ്യന്‍ സഭയെയും അവിടുത്തെ സാധാരണക്കാരായ ജനങ്ങളെയും ആറ് പതിറ്റാണ്ടിലധികം നെഞ്ചോട് ചേര്‍ത്തുപിടിച്ച ഈശോസഭാവൈദികനാണ് ഫാ. ബെര്‍ണാര്‍ഡ് കീസര്‍. തന്റെ 87-ാം വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിടപറയുമ്പോള്‍, ഇന്തോനേഷ്യന്‍ ജനതയ്ക്ക് നഷ്ടമാകുന്നത് വെറുമൊരു വൈദികനെയല്ല, മറിച്ച് പാവപ്പെട്ടവരുടെയും തടവുകാരുടെയും കണ്ണീരൊപ്പിയ വലിയൊരു ആശ്വാസത്തെയാണ്.

1938-ല്‍ ജര്‍മ്മനിയിലെ ബ്രൂഷ്‌സാലില്‍ ജനിച്ച ബെര്‍ണാര്‍ഡ് കീസര്‍ 1963-ല്‍ തന്റെ ഇരുപതുകളിലാണ് ഒരു യുവ മിഷനറിയായി ഇന്തോനേഷ്യയിലെത്തുന്നത്. പുതിയൊരു സംസ്‌കാരത്തെയും ഭാഷയെയും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് അദ്ദേഹം അവിടുത്തെ ജനങ്ങളില്‍ ഒരാളായി മാറി. സനാത ധര്‍മ്മ സര്‍വകലാശാലയിലെ തിയോളജി പ്രൊഫസറായും മികച്ചൊരു ലൈബ്രേറിയനായും സേവനമനുഷ്ഠിച്ച അദ്ദേഹം, കേവലം പുസ്തകങ്ങളിലെ അറിവുകള്‍ക്കപ്പുറം ജീവിതത്തിന്റെ അര്‍ഥം സ്വയം കണ്ടെത്താന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചു. കഠിനമായ ജര്‍മ്മന്‍ അച്ചടക്കം പുലര്‍ത്തുമ്പോഴും, ഒരു ജാവനീസ് വ്യക്തിയേക്കാള്‍ വലിയ സ്‌നേഹമുള്ള ഹൃദയമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് ഒപ്പം ജീവിച്ചവര്‍ ഓര്‍ക്കുന്നു.


ക്ലാസ് മുറികളിലെ ദൈവശാസ്ത്രത്തെ തെരുവുകളിലെ പാവപ്പെട്ടവരിലേക്ക് എത്തിച്ചതായിരുന്നു ഫാ. കീസറുടെ വലിയ സവിശേഷത. യോഗ്യകര്‍ത്തായിലെ പിന്നോക്ക ജനവിഭാഗങ്ങള്‍ക്കായി 'പിംഗിത് സോഷ്യല്‍ സെറ്റില്‍മെന്റ്' എന്ന പദ്ധതിക്ക് അദ്ദേഹം രൂപം നല്‍കി. സെമിനാരി വിദ്യാര്‍ത്ഥികളെ വെറും വായനക്കാരല്ല, മറിച്ച് സമൂഹത്തിന്റെ വേദനകള്‍ നേരിട്ടറിയുന്ന മനുഷ്യരാക്കി മാറ്റാന്‍ അദ്ദേഹം അവരെ ഈ ചേരികളിലേക്ക് പതിവായി കൊണ്ടുപോകുമായിരുന്നു. പാവപ്പെട്ടവരില്‍ ദൈവത്തിന്റെ മുഖം ദര്‍ശിച്ച ഈ വൈദികന്റെ കാല്‍പ്പാടുകള്‍ യോഗ്യകര്‍ത്തായിലെ വിരോഗുണന്‍ ജയിലിന്റെ ഇരുളടഞ്ഞ ഇടനാഴികളിലേക്കും നീണ്ടുചെന്നു. അവിടെയാണ് തെക്കുകിഴക്കന്‍ ഏഷ്യയെ പിടിച്ചുലച്ച ഒരു വലിയ നിയമപോരാട്ടത്തിലെ നായികയ്ക്ക് അദ്ദേഹം ആത്മീയ കൂട്ടാളിയായി മാറുന്നത്.

2010-ല്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് യോഗ്യകര്‍ത്താ വിമാനത്താവളത്തില്‍ വച്ച് പിടിയിലാവുകയും പിന്നീട് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്ത ഫിലിപ്പീന്‍സ് സ്വദേശിനി മേരി ജെയ്ന്‍ വെലോസോയുടെ ജീവിതത്തിലേക്ക് ഫാ. കീസര്‍ കടന്നുവരുന്നത് ഒരു ദൈവവിളിയായിട്ടായിരുന്നു. താന്‍ ചതിക്കപ്പെട്ടതാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞിട്ടും ആരും വിശ്വസിക്കാതിരുന്ന ആ പെണ്‍കുട്ടിക്ക് ജയിലഴിക്കുള്ളില്‍ പ്രത്യാശയുടെ പ്രകാശമായത് ഈ ജര്‍മ്മന്‍ വൈദികനായിരുന്നു. അദ്ദേഹത്തിന്റെ പതിവായ സന്ദര്‍ശനങ്ങള്‍ വെലോസോയെ ദൈവത്തോട് കൂടുതല്‍ അടുപ്പിച്ചു. 2015 ഏപ്രിലില്‍ വധശിക്ഷ നടപ്പാക്കാനായി കൊണ്ടുപോകുമ്പോള്‍, ആ മരണഭൂമിക്ക് തൊട്ടടുത്ത് വരെ കൂടെ നില്‍ക്കാന്‍ അനുവാദം ലഭിച്ച ഒരേയൊരു വ്യക്തി ഫാ. കീസറായിരുന്നു. അവസാന നിമിഷം വധശിക്ഷ നിര്‍ത്തിവച്ച ആ അദ്ഭുതത്തിന് തൊട്ടുമുമ്പും അവള്‍ക്ക് ധൈര്യം പകര്‍ന്നത് അദ്ദേഹത്തിന്റെ സാന്നിധ്യമായിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിനൊടുവില്‍ 2024-ല്‍ ജക്കാര്‍ത്ത വഴി മാതൃരാജ്യത്തേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ വെലോസോയ്ക്ക് മാധ്യമങ്ങളോട് പറയാനുണ്ടായിരുന്നത് ഒരൊറ്റ കാര്യം മാത്രമായിരുന്നു; ''അങ്ങയുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കണം'' എന്ന ആ വൈദികനോടുള്ള സ്‌നേഹസന്ദേശം. ആറ് പതിറ്റാണ്ട് മുമ്പ് ഒരു യുവ മിഷനറിയായി താന്‍ ആദ്യമായി കാലുകുത്തിയ ഗിരിസോന്തയിലെ മണ്ണില്‍ത്തന്നെ ഫാ. ബെര്‍ണാര്‍ഡ് കീസറുടെ ഭൗതികശരീരം ശാന്തമായി വിശ്രമിക്കുമ്പോള്‍, അദ്ദേഹം അവശേഷിപ്പിച്ചു പോയത് സ്‌നേഹത്തിന്റെ ഒളിമങ്ങാത്ത ഓര്‍മ്മകളാണ്.

Tags

Share this story

From Around the Web