ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

 
23333

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ സ്കൂൾ വാനിലേക്ക് പാസഞ്ചർ ട്രെയിൻ ഇടിച്ചുകയറിയുണ്ടായ ദാരുണ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികളും ഒരു സൈക്കിൾ യാത്രികനും മരിച്ചു.ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ബഹരംപുർ മേഖലയിലെ കർണസുബർണ റെയിൽവേ ലെവൽ ക്രോസിങിൽ അപകടം. കുട്ടികളുമായി ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ നിംതിത–കത്വ പാസഞ്ചർ ട്രെയിൻ സ്കൂൾ വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു.

റെയിൽവേ അധികൃതർ നൽകിയ പ്രാഥമിക വിവരമനുസരിച്ച്, ഒരു ട്രാക്കിലൂടെ ട്രെയിൻ കടന്നുപോകുന്നതുവരെ ഗേറ്റ് അടച്ചിട്ടിരുന്നു. എന്നാൽ സമീപ ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെയും മറ്റുള്ളവരെയും ഉടൻ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

കത്വയിൽ നിന്ന് 48 കിലോമീറ്റർ അകലെയുള്ള കർണസുബർണ സ്റ്റേഷനു സമീപത്തെ ലെവൽ ക്രോസിങിലായിരുന്നു അപകടമെന്ന് റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു. ഗേറ്റ്‌മാന്റെ ഭാഗത്തുനിന്നുണ്ടായതായി സംശയിക്കുന്ന ഗുരുതര സുരക്ഷാ വീഴ്ച ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Tags

Share this story

From Around the Web