വിശ്വാസത്തിന്റെ അടിത്തറയായ ക്രിസ്തുവുമായുള്ള സൗഹൃദം, ഭാവി കെട്ടിപ്പടുക്കുന്നതില്‍ നമുക്ക് വഴികാട്ടിയാണെന്നു ലെയോ പതിനാലാമന്‍ പാപ്പ

 
LEO


വത്തിക്കാന്‍ സിറ്റി: വിശ്വാസത്തിന്റെ അടിത്തറയായ ക്രിസ്തുവുമായുള്ള സൗഹൃദം, ഭാവി കെട്ടിപ്പടുക്കുന്നതില്‍ നമുക്ക് വഴികാട്ടിയാണെന്നു ലെയോ പതിനാലാമന്‍ പാപ്പ. യുവജന ജൂബിലിയോടനുബന്ധിച്ച്, റോമിലെ തോര്‍ വെര്‍ഗാത്തയില്‍ യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ആത്മാര്‍ത്ഥമായ സൗഹൃദങ്ങള്‍ എങ്ങനെ കണ്ടെത്താം? പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനുള്ള ധൈര്യം എങ്ങനെ കണ്ടെത്താം? ബുദ്ധിമുട്ടുകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഇടയില്‍ പോലും നമ്മുടെ ജീവിതത്തില്‍ യേശുക്രിസ്തുവിനെ എങ്ങനെ യാഥാര്‍ത്ഥ്യത്തില്‍ കണ്ടുമുട്ടാനും അവന്റെ സാന്നിധ്യം ഉറപ്പാക്കാനും കഴിയും? എന്നിങ്ങനെയുള്ള വിവിധങ്ങളായ ചോദ്യങ്ങള്‍ക്ക് മാര്‍പാപ്പ മറുപടി നല്‍കി.

ആധുനിക സംസ്‌കാരം, നാം അറിയാതെ തന്നെ നമ്മെ രൂപപ്പെടുത്തുന്നുവെന്നും ഇതിനു സാങ്കേതിക വിദ്യകളുടെ സ്വാധീനം ഏറെ വലുതാണെന്നും പാപ്പ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഏറെ സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും നാം പലപ്പോഴും ഏകാന്തതയിലേക്ക് അടക്കപ്പെടുന്നുവെന്ന ബോധ്യം നമുക്ക് ഉണ്ടാവണം. യഥാര്‍ത്ഥവും നിലനില്‍ക്കുന്നതുമായ ബന്ധങ്ങളുടെ അഭാവം ഇന്ന് നമ്മുക്കിടയിലുണ്ട്. അതിനാല്‍, യഥാര്‍ത്ഥ പ്രത്യാശയിലേക്കുള്ള വാതില്‍ തുറക്കുന്ന, സ്‌നേഹം കണ്ടെത്തുവാന്‍ നാം പരിശ്രമിക്കണം.

യേശുവുമായുള്ള തീവ്രമായ ബന്ധം നമ്മെ ഒരിക്കലും വഞ്ചിക്കുകയില്ലെന്നും, ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയണമെന്നും പാപ്പ അടിവരയിട്ടു പറഞ്ഞു. വിശ്വാസത്തിന്റെ അടിത്തറയായ ക്രിസ്തുവുമായുള്ള സൗഹൃദം, ഭാവി കെട്ടിപ്പടുക്കുന്നതില്‍ നമുക്ക് വഴികാട്ടിയാണ്. ''പരസ്പരം സ്‌നേഹിക്കുക! ക്രിസ്തുവില്‍ പരസ്പരം സ്‌നേഹിക്കുക! മറ്റുള്ളവരില്‍ യേശുവിനെ എങ്ങനെ കാണണമെന്ന് അറിയുക''- അത് ലോകത്തെ പരിവര്‍ത്തനം ചെയ്യും. നമ്മുടെ ജനനം നമ്മുടെ സ്വന്തം തീരുമാനമല്ല, മറിച്ച് നമ്മെ ആഗ്രഹിച്ച ദൈവീക സ്‌നേഹമായിരുന്നുവെന്നും, നമ്മുടെ ജീവിതത്തിലുടനീളം, നമ്മുടെ തെരഞ്ഞെടുപ്പുകളില്‍ ഈ കൃപയെ തിരിച്ചറിയാനും പുതുക്കാനും നമുക്ക് സാധിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.


 

Tags

Share this story

From Around the Web