പൊട്ടിത്തെറിച്ചത് ഫ്രിഡ്ജ്, ഗണേശചതുര്‍ഥി ആഘോഷമായതിനാല്‍ സമീപവാസികള്‍ കരുതിയത് പടക്കം പൊട്ടുകയാണെന്ന്; കുടുംബത്തിലെ നാലുപേര്‍ മരിച്ചു.
ബെംഗളൂരു: വീടിനകത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ബെളഗാവി ടൗണില്‍ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ചാവടഗള്ളിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
ഗജാനന്‍ രാജാറാം ദമോനെ (65), റോഷന്‍ ഗജാനന്‍ ദമോനെ (21), ശാരദാ ദമോനെ (45), ഭാരതി രാജാറാം ദമോനെ (50) എന്നിവരാണ് മരിച്ചത്. പ്രിയാ ഗജാനന്‍ ദമോനെ, ഗംഗാ ഗജാനന്‍ ദമോനെ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
രാത്രി ഗണേശചതുര്‍ഥി ആഘോഷത്തില്‍ പ്രദേശത്ത് തുടര്‍ച്ചയായി പടക്കം പൊട്ടുന്ന സമയത്തായിരുന്നു ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. വലിയ പടക്കം പൊട്ടുകയാണെന്നാണ് ആദ്യം വിചാരിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു. പിന്നീടാണ് അപകടമാണെന്ന് മനസ്സിലായത്.
നിമിഷങ്ങള്‍ക്കകം വീടിനകത്ത് തീപര്‍ന്നുപിടിച്ചു.
വീടിനകത്തുണ്ടായിരുന്ന ആര്‍ക്കും പുറത്തുകടക്കാനായില്ല. ദുരന്തത്തില്‍പ്പെട്ടവര്‍ പുലര്‍ച്ചെ ഒന്നര വരെ ഗണേശചതുര്‍ഥി ആഘോഷത്തിലായിരുന്നു. പിന്നീട് ഉറങ്ങാന്‍ കിടന്നശേഷമാണ് അപകടമുണ്ടായത്.
കൂലിപ്പണിയെടുത്ത് കഴിഞ്ഞുവന്ന കുടുംബമാണ് ദുരന്തത്തിനിരയായത്. ഷോട് സര്‍ക്കിറ്റാണ് അപകടത്തിനു കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ബെളഗാവി മാര്‍ക്കറ്റ് പോലീസ് കേസെടുത്തു.