ആംഗ്ലിക്കന്‍ സെമിനാരിയുടെമുന്‍ തലവന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
ഓക്സ്ഫഡ്/ഇംഗ്ലണ്ട്: ഓക്സ്ഫഡിലെ പ്രശസ്തമായ ആംഗ്ലിക്കന്‍ സെമിനാരിയുടെ മുന്‍ മേധാവിയും കാനനുമായ റോബിന്‍ വാര്‍ഡ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു.
ഫെബ്രുവരി 14-ന് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഫാണ്‍ബറോയിലെ സെന്റ് മൈക്കിള്‍സ് ബനഡിക്റ്റൈന്‍ ആശ്രമത്തിന്റെ ആബട്ടാണ് അദ്ദേഹത്തെ കത്തോലിക്കാ സഭയിലേക്ക് സ്വാഗതം ചെയ്തത്.
കത്തോലിക്ക സഭയില്‍ നിന്ന് സ്ഥൈര്യലേപനം സ്വീകരിച്ചുകൊണ്ട് 40 വര്‍ഷം മുമ്പ് ആരംഭിച്ച വിശ്വാസജീവിത്തിന് പരിശുദ്ധാത്മാവിന്റെ മുദ്ര സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.
ആംഗ്ലിക്കന്‍ സഭയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനായിരുന്ന കാനന്‍ റോബിന്‍ വാര്‍ഡ്, സെന്റ് സ്റ്റീഫന്‍സ് ഹൗസ് സെമിനാരിയുടെ പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ 19 വര്‍ഷക്കാലം ആംഗ്ലിക്കന്‍ പുരോഹിതരെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്.
യാതൊരു ഖേദവുമില്ലാതെ, പൂര്‍ണ സന്തോഷത്തോടെയാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് റോബിന്‍ വാര്‍ഡ് പറഞ്ഞു. വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനോടുള്ള ആദരസൂചകമായി 'ജോണ്‍ ഹെന്റി' എന്ന പേരാണ് അദ്ദേഹം സ്ഥിരീകരണ കൂദാശയില്‍ സ്വീകരിച്ചത്.
ഒരു സെമിനാരി മേധാവി എന്ന നിലയില്‍ 'സഭ എന്നാല്‍ എന്ത്?' എന്ന ചോദ്യത്തിന് ആംഗ്ലിക്കന്‍ പശ്ചാത്തലത്തില്‍ തൃപ്തികരമായ ഉത്തരം കണ്ടെത്താനാകാത്തതാണ് അദ്ദേഹത്തെ കത്തോലിക്ക വിശ്വാസത്തിലേക്ക് അടുപ്പിച്ചത്.
ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ കൃതികളും ജീവിതവും തന്റെ ചിന്താഗതിയില്‍ വലിയ മാറ്റമുണ്ടാക്കിയതായി റോബിന്‍ വാര്‍ഡ് പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാ സഭയിലേക്ക് എത്തുന്ന പ്രമുഖരുടെ നിരയിലെ ഏറ്റവും പുതിയ കണ്ണിയാണ് റോബിന്‍ വാര്‍ഡ്.
1992-ന് ശേഷം ഏകദേശം 700-ഓളം ആംഗ്ലിക്കന്‍ വൈദികര്‍ ബ്രിട്ടനില്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നിട്ടുണ്ട്. മൈക്കല്‍ നസീര്‍-അലി ഉള്‍പ്പെടെയുള്ള പ്രമുഖ ബിഷപ്പുമാരും ഇതില്‍ ഉള്‍പ്പെടുന്നു.