നിപയിൽ മുൻ സർക്കാരിൻ്റെ ജാഗ്രത ഇപ്പോഴില്ല, പകർച്ചവ്യാധി പടരുമ്പോൾ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റുന്നത് അസാധാരണ നടപടി- പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാ ഭരണകൂടവും ഏകോപനമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് വിമർശനം. മുൻ സർക്കാരിൻ്റെ കാലത്തെ ജാഗ്രത ഇപ്പോൾ കാണുന്നില്ല. പകർച്ചവ്യാധി പടരുമ്പോൾ ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റുന്നത് അസാധാരണ നടപടിയാണ്. മുഖ്യമന്ത്രി കൂടി അറിഞ്ഞിട്ടാണോ ഈ തീരുമാനമെന്നും പിണറായി വിജയൻ ചോദിച്ചു.
എരണം കെട്ടവർ നാട് ഭരിച്ചാൽ മുടിയുമെന്ന ആരോഗ്യമന്ത്രി കെ. മുരളീധരൻ്റെ മുൻ പരാമർശത്തിന് പിണറായി വിജയൻ മറുപടി നൽകി. ശാപവാക്കുകൾ പറഞ്ഞ് കയ്യടി വാങ്ങിച്ചവരെ പോലെയല്ല മുൻ സർക്കാർ മഹാമാരികളെ കൈകാര്യം ചെയ്തത്. ഒരു മാസത്തിനുള്ളിൽ ആരോഗ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായി കാണുമെന്നും പിണറായി വിജയൻ പ്രതികരിച്ചു.
വനംവകുപ്പിനെതിരെയും പ്രതിപക്ഷ നേതാവ് രൂക്ഷവിമർശനം നടത്തി. വന്യജീവി ആക്രമണത്തിൽ സർക്കാരിന് ഉദാസീന സമീപനമാണുള്ളത്. മൂന്ന് ആഴ്ചയ്ക്കിടെ ആറ് ജീവനുകൾ പൊലിഞ്ഞു. പരിഹാരം ചോദിക്കുമ്പോൾ വനം മന്ത്രി പരിഹസിക്കുന്നെന്ന് പിണറായി വിജയൻ പറഞ്ഞു. സാധാരണക്കാരൻ്റെ ജീവൻ്റെ പ്രശ്നത്തിൽ പരിഹാസമെന്നും പ്രതിപക്ഷ നേതാവിൻ്റെ ആക്ഷേപം.
വി.ഡി. സതീശൻ കൻ്റോൺമെൻ്റ് ഹൗസ് ഒഴിയാത്തതിൽ അതൃപ്തിയും പിണറായി വിജയൻ പ്രകടിപ്പിച്ചു. വസതി മാറ്റം നീളുന്നത് ക്ലിഫ് ഹൗസിൽ അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടെന്നാണ് വിവരം. കഴിയുന്ന വേഗത്തിൽ താൻ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. എപ്പോഴാണ് മുഖ്യമന്ത്രി പോകുന്നത് എന്നറിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് പിണറായി വിജയൻ വിമർശിച്ചു. ദേവസ്വം പ്ലീഡർ സ്ഥാനത്ത് നിന്നുള്ള കെ.ബി. പ്രദീപിന്റെ രാജിയോടെ എല്ലാം അവസാനിച്ചിട്ടില്ല. നിയമിച്ചത് പ്രതികളുടെ താത്പര്യത്തിനായി നിലപാടെടുത്ത ആളെയാണ്. നിയമനം ലഭിച്ച് ഇരുന്ന ഒരു ദിവസം ഏതൊക്കെ കടലാസുകൾ വക്കീലിൻ്റെ കൈവശം എത്തിയെന്നതിൽ അന്വേഷിക്കണം വേണമെന്നും പിണറായി വിജയൻ പറഞ്ഞു.