'വ്യാജരേഖ നിർമിച്ചത് ഐഫോണിൽ, നൽകാത്ത സേവനത്തിന്റെ ഇൻവോയ്‌സ് നിർമിച്ചു'; വീണയെ കുരുക്കി കൂടുതൽ തെളിവ്

 
veena

കൊച്ചി: മാസപ്പടിക്കേസിൽ ടി.വീണ വ്യാജരേഖകൾ നിർമിച്ചത് സ്വന്തം ഐഫോൺ പ്രോ മാക്‌സിലാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. തിരുവനന്തപുരത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ കസ്റ്റഡിയിലെടുത്ത ഫോണിന്റെ ശാസ്ത്രീയ പരിശോധനയിലാണ് ഈ നിർണായക വിവരങ്ങൾ ലഭിച്ചത്. നൽകാത്ത സേവനങ്ങളുടെ പേരിലാണ് വ്യാജ ഇൻവോയ്‌സുകൾ നിർമിച്ചിരിക്കുന്നത്.

വ്യാജ ഐടി സേവന കരാറുമായി ബന്ധപ്പെട്ട വിവരങ്ങളും ഇ-മെയിൽ ഇടപാടുകളും ഐഫോണിൽ നിന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇ-മെയിൽ ഇടപാടുകൾ നടത്തിയിട്ടില്ലെന്ന വീണയുടെ മുൻ മൊഴികൾക്ക് വിരുദ്ധമാണ് ഈ തെളിവുകൾ.

വീണയുടെ പേരിൽ കോഴിക്കോട് കേന്ദ്രീകരിച്ച് 'ലേക്കർ ഇന്ത്യ കോർപ്പ്' എന്ന പേരിൽ മറ്റൊരു കമ്പനി കൂടി ഉള്ളതായി പരിശോധനയിൽ ഇഡി കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിലെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി സമർപ്പിച്ച 21 പേജുള്ള അന്വേഷണ റിപ്പോർട്ടിലാണ് വീണയ്ക്കെതിരെയുള്ള ഈ ഗുരുതര കണ്ടെത്തലുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഈ കേസിൽ വീണയെ പ്രതിയായി ചേർത്തിട്ടുണ്ട്. നിലവിൽ ഹൈക്കോടതി നിർദേശപ്രകാരം സിവിൽ നടപടികളുമായി (സ്വത്ത് കണ്ടെത്തൽ, മൊഴിയെടുക്കൽ) മുന്നോട്ടുപോകാനേ ഇഡിക്ക് സാധിക്കൂ. ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ അറസ്റ്റ് അടക്കമുള്ള ക്രിമിനൽ നടപടികളിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ.

Tags

Share this story

From Around the Web