നാട്ടിലിറങ്ങുന്ന കാട്ടുപന്നി ശല്യം അവസാനിപ്പിക്കാനുള്ള ഹണ്ടിങ് നടപടികള്‍ വനം വകുപ്പ് വേഗത്തിലാക്കണം;
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു
കോട്ടയം: നാട്ടിലിറങ്ങുന്ന കാട്ടുപന്നി ശല്യം അവസാനിപ്പിക്കാന്‍ വനം വകുപ്പ് പ്രഖ്യാപിച്ച ഹണ്ടിങ്ങിള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി വേണമെന്ന് ആവശ്യം. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു.
വ്യാപകമായി കൃഷി നശിപ്പിക്കുന്നെന്നും കര്‍ഷകരുടെ അന്നംമുട്ടിക്കുന്നെന്നും പരാതി. മലയോര മേഖലയില്‍ രാത്രികാലങ്ങളില്‍ പന്നികള്‍ കൂട്ടമായിയെത്തുന്നത്. സമീപ ദിവസങ്ങളിൽ വിളവെടുപ്പിനു പാകമായ മരച്ചീനി കൃഷിയും ചേമ്പ് തുടങ്ങിയ കൃഷിവിളകളും നശിപ്പിച്ചു.
ഏലച്ചുവടുകള്‍ കുത്തിമറിക്കുന്നതും പതിവാണ്. ബാങ്ക് വായ്പയെടുത്തും മറ്റും കൃഷിയിറക്കുന്ന പരമ്പരാഗത കര്‍ഷകര്‍ക്കു കാട്ടുപന്നികള്‍ ഇരുട്ടടി ആയിരിക്കുകയാണ്. നിയമത്തിന്റെ നൂലാമാലകള്‍ മൂലം ഇവര്‍ക്കു നഷ്ടപരിഹാരവും ലഭിക്കാറില്ല.
കാട്ടുപന്നിശല്യം തുടര്‍ന്നാല്‍ കൃഷി പൂര്‍ണമായി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണു കര്‍ഷകര്‍. രാത്രിയില്‍ കൂട്ടമായി റോഡിലൂടെ നീങ്ങുന്ന കാട്ടുപന്നികള്‍ യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. ഇടറോഡുകളിലൂടെ കടന്നുപോകുന്ന ഇരുചക്രവാഹന യാത്രക്കാരെ കുത്തിമറിച്ചിട്ട് അപകടമുണ്ടാക്കുന്നതും പതിവായി.
ജനവാസ മേഖലയില്‍ അമ്പതിനായിരം കാട്ടുപന്നികളുണ്ടെന്നാണു വനം മന്ത്രി ഷിബു ബേബിജോണ്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്ക്. ഇവയെ കൊല്ലാന്‍ രണ്ടു മാസങ്ങളില്‍ പ്രത്യേക ദൗത്യം നടത്തും.
ആവശ്യമായ എല്ലാ പഞ്ചായത്തുകള്‍ക്കും ഷൂട്ടര്‍മാരെ നല്‍കും. വനംവകുപ്പ് കര്‍ഷകരുടെ ശത്രുവല്ല. കര്‍ഷകരുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുകയെന്ന 'നല്ല അയല്‍ക്കാരന്‍' നയമായിരിക്കും ഇനി. വനംവകുപ്പ് സോളാര്‍ വേലി സ്ഥാപിക്കും. പഞ്ചായത്തുകളും കര്‍ഷകരും ചേര്‍ന്ന് അറ്റകുറ്റപ്പണി നടത്തും.
ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് വയനാട്ടിലെ വന്യമൃഗങ്ങളുടെ ക്യാരിയിങ് കപ്പാസിറ്റി പഠിക്കും. ആനകള്‍ ക്രമാതീതമായി കൂടിയെന്നും, അതല്ല കേന്ദ്രത്തിനു നല്‍കാനുള്ള കണക്കുണ്ടാക്കി എന്നുമുള്ള രണ്ടു വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വനംവകുപ്പിലുണ്ട്.
വന്യമൃഗശല്യം നേരിടാന്‍ ബ്ജറ്റിലുള്ള 192കോടിയുപയോഗിച്ചു കൂടുതല്‍ ദ്രുതകര്‍മ്മ സംഘങ്ങള്‍ രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, ഹണ്ടിങ് പാര്‍ട്ടിക്കുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി വേണം. നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ ലഘൂകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.